എ.എൻ ഷംസീർ ഇനി സഭാനാഥൻ; യു.ഡി.എഫിലെ അൻവർ സാദത്തിനെ 40ന് എതിരെ 96 വോട്ടുകൾക്കാണ് ഷംസീർ തോൽപ്പിച്ചത്, കേരള നിയമസഭയുടെ 24-ാമത് സ്‌പീക്കർ

  • Post category:Kerala / news
  • Reading time:2 mins read
You are currently viewing എ.എൻ ഷംസീർ ഇനി സഭാനാഥൻ; യു.ഡി.എഫിലെ അൻവർ സാദത്തിനെ 40ന് എതിരെ 96 വോട്ടുകൾക്കാണ് ഷംസീർ തോൽപ്പിച്ചത്, കേരള നിയമസഭയുടെ 24-ാമത് സ്‌പീക്കർ

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി എ.എൻ ഷംസീർ തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫിലെ അൻവർ സാദത്തിനെ 40ന് എതിരെ 96 വോട്ടുകൾക്കാണ് ഷംസീർ തോൽപ്പിച്ചത്. കേരള നിയമസഭയുടെ 24-ാമത് സ്‌പീക്കറായാണ് ചുമതലയേൽക്കുന്നത്. കണ്ണൂരിൽ നിന്നുള്ള ആദ്യ സ്പീക്കറാണ് ഷംസീർ. കഴിഞ്ഞ ആഴ്‌ചയാണ് എ.എൻ ഷംസീറിനെ സ്പീക്കറാക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. എം.എൽ.എയായി രണ്ടാമൂഴത്തിൽ സ്പീക്കർ സ്ഥാനത്തേക്ക് എത്തുകയെന്ന നേട്ടവും ഷംസീറിനെ തേടിയെത്തി. സംഘടനാ- പാർലമെന്‍ററി രംഗങ്ങളിൽ കൂടുതൽ ചെറുപ്പക്കാരെ പരിഗണിക്കണമെന്ന് ഇക്കഴിഞ്ഞ സി.പി.എം സംസ്ഥാന സമ്മേളനം തീരുമാനിച്ചിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് ഷംസീറിനെയും രാജേഷിനെയും നിർണായക സ്ഥാനങ്ങളിലേക്ക് പാർട്ടി നിശ്ചയിച്ചത്.

വിദ്യാർഥി രാഷ്ട്രീയത്തിലൂടെ അഡ്വ. എ.എൻ ഷംസീർ പൊതുരംഗത്തെത്തിയത്‌. കണ്ണൂർ സർവകലാശാല യൂണിയന്‍റെ ആദ്യ ചെയർമാനായിരുന്നു. എസ്‌.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയന്റ്‌ സെക്രട്ടറി, ഡി.വൈ.എഫ്‌.ഐ ജില്ലാ പ്രസിഡണ്ട്, സംസ്ഥാന പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു. ബ്രണ്ണൻ കോളേജിൽ നിന്ന്‌ ഫിലോസഫി ബിരുദവും പാലയാട്‌ ക്യാമ്പസിൽ നിന്ന്‌ നരവംശ ശാസ്‌ത്രത്തിൽ ബിരുദാനന്തര ബിരുദവുമെടുത്ത ശേഷം പാലയാട്‌ സ്‌കൂൾ ഓഫ്‌ ലീഗൽ സ്‌റ്റഡീസിലാണ്‌ എൽ.എൽ.ബിയും എൽ.എൽ.എമ്മും പൂർത്തിയാക്കി.

പ്രൊഫഷനൽ കോളേജ്‌ പ്രവേശന കൗൺസിലിങ്ങിനെതിരായ സമരത്തിനിടെ പൊലീസ് മർദനത്തിനിരയായി. 94 ദിവസം ജയിൽവാസം അനുഭവിച്ചു. 1999ൽ ധർമടം വെള്ളൊഴുക്കിൽ വെച്ച്‌ ആർ.എസ്‌.എസ്‌ അക്രമത്തിനിരയായി. അന്ന്‌ തലനാരിഴക്കാണ്‌ രക്ഷപ്പെട്ടത്‌. മലബാർ കാൻസർ സെൻ്റെറിലെത്തുന്ന അർബുദ രോഗികളുടെ കണ്ണീരൊപ്പാൻ രൂപീകരിച്ച ആശ്രയ ചാരിറ്റബിൾ സൊസൈറ്റി വർക്കിങ്ങ്‌ ചെയർമാനായും ഷംസീർ പ്രവർത്തിച്ചു വരികയാണ്.

2016 ൽ 34117 വോട്ടിൻ്റെ ഭൂരിപക്ഷത്തോടെയാണ്‌ ആദ്യമായി നിയമ സഭാംഗമായത്‌. 2021ൽ 36,801 വോട്ടെന്ന മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെ രണ്ടാംതവണയും വിജയിച്ചു. കൊടിയേരി മാടപ്പീടികക്കടുത്ത എക്കണ്ടി നടുവിലേരി തറവാട്ടിൽ റിട്ട. സീമാൻ പരേതനായ കോമത്ത്‌ ഉസ്‌മാൻ്റെയും എ.എൻ സറീനയുടെയും മകനായാണ് ഷംസീർ ജനിച്ചത്. കണ്ണൂർ സർവകലാശാല ഗസ്‌റ്റ്‌ ലക്‌ചർ ഡോ. പി.എം സഹലയാണ് ഭാര്യ. ഇസാൻ ഏക മകനാണ്.

മുഖ്യമന്ത്രി പിണറായി വിജയനാണ് സ്പീക്കർ തെരഞ്ഞെടുപ്പിൽ ആദ്യം വോട്ട് ചെയ്തത്. രണ്ടാമതായി മന്ത്രി കെ.രാധാകൃഷ്ണനാണ് വോട്ട് ചെയ്തത്. പ്രതിപക്ഷ നിരയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് ആദ്യം വോട്ട് ചെയ്തത്. സ്പീക്കറുടെ ഇരിപ്പിടത്തിന് പിന്നിലായാണ് ബാലറ്റ് പെട്ടി സജ്ജീകരിച്ചത്. ബാലറ്റിൽ അൻവർ സാദത്തിന്‍റെ പേര് ആദ്യവും എ.എൻ ഷംസീറിന്‍റെ പേര് രണ്ടാതായുമാണ് നൽകിയിരുന്നത്.

0Shares