
കേന്ദ്ര സർക്കാരിന്‍റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കാർഷിക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് അവസാനിച്ചു. ഇന്ന് രാവിലെ 11 മണിമുതൽ വൈകിട്ട് മൂന്ന് മണിവരെയായിരുന്നു ഹർത്താൽ. ഇതിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സമരം നടത്തുന്ന ഒരു വിഭാഗം കർഷകരുമായി ഇന്ന് വൈകിട്ട് കൂടിക്കാഴ്ച നടത്തും.

ഇന്ന് വൈകിട്ട് ഏഴുമണിക്ക് അമിത് ഷാ കർഷകരെ കാണുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 11 ദിവസമായി തുടരുന്ന കർഷക പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള അനുരഞ്ജന ശ്രമത്തിന്‍റെ ഭാഗമായാണ് ചർച്ച. നാളെ ആറാംവട്ട ചർച്ച നടക്കാനിരിക്കെയാണ് ഇത്തരത്തിൽ തിരക്കിട്ടൊരു ചർച്ച നടക്കുന്നത്.
അതേസമയംകർഷക പ്രതിഷേധം അടിച്ചമർത്താനുള്ള ശ്രമം സർക്കാർ തുടരുകയാണ്. പ്രതിഷേധത്തിന് പിന്തുണ നൽകിയ ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പോലീസ് വീട്ടുതടങ്കലിലാക്കിയിരുന്നു. പ്രതിഷേധ സ്ഥലത്തേക്ക് പുറപ്പെട്ട ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെയും കസ്റ്റഡിയിലെടുത്തിരുന്നു.
ഭാരത് ബന്ദിനിടെ ഇടത് നേതാക്കളെയും ചത്തീസ്ഗഡ് പോലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തിരുന്നു. ഇടത് നേതാക്കളായ കെ.കെ രാഗേഷും കൃഷ്ണ പ്രസാദും ഉൾപ്പെടെയുള്ളവരെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കരുതൽ തടങ്കൽ എന്നാണ് പോലീസ് പറയുന്നത്.
