
സ്ത്രീധന പീഡനത്തിനും വധഭീഷണി മുഴക്കിയതിനും നടൻ ആദിത്യനെതിരെ ചവറ പോലീസ് കേസെടുത്തു. ആദിത്യനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് അമ്പിളി ദേവി രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് സൈബർ സെല്ലിനും കരുനാഗപ്പള്ളി എസ്പിക്കുമാണ് പരാതി നൽകിയത്.

ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് തന്‍റെ സ്ത്രീത്വത്തെ അപമാനിക്കാനാണ് ആദിത്യൻ ശ്രമിക്കുന്നതെന്ന് അമ്പിളി ദേവി ആരോപിച്ചു. ‘വിഷയങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ എല്ലാവരും അറിഞ്ഞതാണ്. സ്വന്തം ഭാര്യയെ സംരക്ഷിക്കേണ്ട ഭർത്താവ് തന്നെ, ഒരു സ്ത്രീയാണ്, എന്‍റെ കുഞ്ഞിന്‍റെ അമ്മയാണ് എന്നൊന്നും ചിന്തിക്കാതെ ഇല്ലാത്ത തെളിവുകൾ നിരത്തി നമ്മെ വ്യക്തിഹത്യ ചെയ്യുമ്പോൾ സമൂഹ മാധ്യമങ്ങളിൽ എനിക്ക് പലതും തുറന്നു പറയേണ്ടി വന്നു.
അത്രത്തോളം ആക്ഷേപിക്കുമ്പോൾ പലതും തുറന്നു പറയേണ്ട അവസ്ഥയുണ്ടായിപ്പോയതാണ്. എല്ലാം ആ വ്യക്തി തന്നെ ഉണ്ടാക്കിയതാണ്. ഒരു പെൺകുട്ടിക്കും ഇങ്ങനെയൊരു ചതി പറ്റരുത്. അവർക്കു മുമ്പിൽ വീണു പോകരുത്’ -അമ്പിളി ദേവി മാധ്യമങ്ങളോട് പറഞ്ഞു.
