ഭരണ സമിതി യോഗം ചേര്‍ന്നു; പേവിഷ ബാധയ്ക്ക് മരുന്ന് ലഭ്യമാക്കാന്‍ കാസർകോട് ജില്ലാ പഞ്ചായത്ത് മുപ്പത് ലക്ഷം രൂപ അനുവദിക്കും

  • Post category:health / local news
  • Reading time:2 mins read
You are currently viewing ഭരണ സമിതി യോഗം ചേര്‍ന്നു; പേവിഷ ബാധയ്ക്ക് മരുന്ന് ലഭ്യമാക്കാന്‍ കാസർകോട് ജില്ലാ പഞ്ചായത്ത് മുപ്പത് ലക്ഷം രൂപ അനുവദിക്കും

കാസർകോട്: ജില്ലാ ആശുപത്രിയില്‍ പേവിഷ ബാധയ്ക്കുള്ള മരുന്ന് ലഭ്യമാക്കാന്‍ മുപ്പത് ലക്ഷം രൂപ അനുവദിക്കാന്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി.ജെ.സജിത്ത് അവതരിപ്പിച്ച പ്രമേയത്തിന്‍മേലാണ് നടപടി. ജില്ലാ ആശുപത്രിയില്‍ പേവിഷ ബാധയ്ക്കുള്ള മരുന്ന് ലഭ്യമാണെങ്കിലും എല്ലാവരുടെയും ആവശ്യങ്ങള്‍ നിറവേറ്റാനുള്ള മരുന്ന് ലഭ്യത ഇല്ല.

നിലവില്‍ നല്‍കുന്ന മരുന്ന് ഭൂരിഭാഗം പേരിലും അലര്‍ജി ഉണ്ടാക്കുന്നു. പകരം മരുന്നിന് ആറായിരം രൂപ വില വരുമെന്നും പാവപ്പെട്ട രോഗികള്‍ക്ക് വില താങ്ങാന്‍ പറ്റാത്തതിനാല്‍ പേവിഷ ബാധയ്ക്കുള്ള മരുന്നും അതുമൂലം ഉണ്ടാകുന്ന അലര്‍ജിക്കുള്ള മരുന്നും ജില്ലാ ആശുപത്രിയില്‍ ലഭ്യമാക്കണമെന്നായിരുന്നു പ്രമേയം. പ്രമേയത്തില്‍ നടന്ന ചര്‍ച്ചക്കൊടുവില്‍ പേവിഷ ബാധയ്ക്കുള്ള മരുന്ന് ജില്ലാ ആശുപത്രിയിലും താലൂക്ക് ആശുപത്രികളിലും മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.

ഇതിനുള്ള തുക ജില്ലാ പഞ്ചായത്ത് അനുവദിക്കും. ഒപ്പം പൂച്ചയുടെ കടിയേറ്റാല്‍ എടുക്കേണ്ട കുത്തിവെപ്പിനുള്ള മരുന്നും ചൂട് കാലത്ത് കണ്ടുവരുന്ന ചെങ്കണ്ണ് , ചിക്കന്‍ പോക്സ് രോഗങ്ങള്‍ക്കുള്ള മരുന്നും ജില്ലാ ആശുപത്രിയിലും മറ്റ് ആശുപത്രിയിലും ലഭ്യമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.

നേരത്തെ പെരിയയില്‍ നടപ്പാക്കാന്‍ തീരുമാനിച്ച അഗ്രോ പാര്‍ക്ക് പദ്ധതി പ്ലാന്റേഷന്‍ കോര്‍പറേഷൻ്റെ ഭൂമി ലഭ്യമാകാത്തതിനാല്‍ ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കില്‍ നടപ്പാക്കാന്‍ യോഗം തീരുമാനിച്ചു. ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കില്‍ ജില്ലാ പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള പത്തേക്കര്‍ ഭൂമിയില്‍ രണ്ടേക്കര്‍ ഭൂമിയിലാണ് അഗ്രോ പാര്‍ക്ക് സ്ഥാപിക്കുക. പദ്ധതിയുടെ ഫീസിബിലിറ്റി പഠനം നടത്തിയതിന് ശേഷം ഡിപിആര്‍ തയ്യാറാക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്തിൻ്റെ പദ്ധതികള്‍ അവലോകനം ചെയ്തു. സ്പില്‍ ഓവര്‍ പദ്ധതികള്‍ അംഗീകരിക്കാനും എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കാനുമുള്ള തീരുമാനമെടുത്തു. മഴക്കാലത്ത് തുടങ്ങേണ്ട പ്രവൃത്തികള്‍ പ്രസ്തുത കാലയളവിലും മഴക്കാലത്തിന് മുന്നേ തീര്‍ക്കേണ്ട പ്രവൃത്തികള്‍ മെയില്‍ ആരംഭിച്ച് എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി. പൂര്‍ത്തിയാക്കിയ പദ്ധതികളുടെ ബില്ല് എത്രയും പെട്ടെന്ന് സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

നാളിതുവരെ പ്രവൃത്തി പൂര്‍ത്തീകരിക്കാത്ത പദ്ധതികള്‍ സ്പില്‍ ഓവര്‍ പദ്ധതികള്‍ ആയി അംഗീകരിച്ച് പ്രവര്‍ത്തനം തുടങ്ങാന്‍ തീരുമാനിച്ചു. നടപ്പ് വര്‍ഷം നടപ്പാക്കേണ്ട പദ്ധതികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഉടന്‍ നിര്‍വഹണം ആരംഭിക്കാന്‍ തീരുമാനിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, വികസനകാര്യം സ്ഥിരം സമിതി അദ്ധ്യക്ഷ ഗീതാകൃഷ്ണന്‍, ക്ഷേമകാര്യം സ്ഥിരം സമിതി അധ്യക്ഷന്‍ ഷിനോജ് ചാക്കോ, പൊതുമാരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ കെ.ശകുന്തള, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി.ജെ.സജിത്ത്, ഷഫീക്ക് റസാക്ക്, എം.ഷൈലജ ഭട്ട്, ജോമോന്‍ ജോസ്, ഗോള്‍ഡന്‍ അബ്ദുറഹ്‌മാന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.കമലാക്ഷി, നാരായണ നായിക്, എം.മനു, ജാസ്മിന്‍ കബീര്‍, ബി.എച്ച്.ഫാത്തിമത്ത് ഷംന, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

0Shares