
ഗൾഫിൽ മാധ്യമം പത്രം നിരോധിക്കാൻ താൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും യു.എ.ഇ ഭരണാധികാരികൾക്ക് കത്ത് നൽകിയിട്ടില്ലെന്നും മുൻ മന്ത്രിയും തവനൂർ എം.എൽ.എയുമായ കെ.ടി ജലീൽ. സ്വപ്ന സുരേഷിൻ്റെ ആരോപണത്തിന് പിന്നാലെ കെ.ടി. ജലീൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സ്വർണക്കടത്ത് കേസിൽ തനിക്ക് ബന്ധമില്ലെന്ന് സ്വപ്ന പറഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് മരണങ്ങളെക്കുറിച്ച് മാധ്യമം ദിനപത്രം ചെയ്ത ഫീച്ചർ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങളറിയാൻ കോൺസുലേറ്റ് ജനറലിന് കത്തയച്ചിരുന്നുവെന്നും ജലീൽ പറഞ്ഞു. പക്ഷേ പത്രം നിരോധിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മാധ്യമം ദിനപത്രത്തെക്കുറിച്ചുള്ള കത്തയച്ചത് സ്വപ്നയ്ക്കാണ്. സർക്കാരിൻ്റെയോ പാർട്ടിയുടെയോ അറിവോടയല്ല കത്തയച്ചതെന്നും ജലീൽ പറഞ്ഞു. പത്രം നിരോധിക്കാനല്ല മറിച്ച് വാർത്ത ശ്രദ്ധയിൽപ്പെടുത്തുക എന്ന ഉദ്ദേശം മാത്രമാണുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോൺസുലേറ്റ് ജനറലിന് അയച്ച കത്തുമായി ബന്ധപ്പെട്ട് സംശയമുണ്ടെങ്കിൽ ഇമെയിൽ പരിശോധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. അതിൽ പ്രോട്ടേക്കോൾ ലംഘനമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഗൾഫിൽ മാധ്യമം ദിനപത്രത്തിൻ പ്രസിദ്ധീകരണം നിരോധിക്കാൻ മുൻ മന്ത്രി കെ.ടി. ജലീൽ ശ്രമിച്ചിരുന്നുവെന്ന ആരോപണവുമായി സ്വപ്ന സുരേഷ് രംഗത്തെത്തിയിരുന്നു.
ഗൾഫ് മേഖലയിൽ മാധ്യമം ദിനപത്രത്തിൻ്റെ പ്രസിദ്ധീകരണം തടയണമെന്ന ആവശ്യവുമായി മുൻ മന്ത്രി കെ.ടി. ജലിൽ യു.എ.ഇ അധികൃതർക്ക് കത്തയിച്ചിരുന്നുവെന്നും ഇത് സംബന്ധിച്ച ചാറ്റുകൾ കൈവശമുണ്ടെന്നും സ്വപ്ന സുരേഷ് പറഞ്ഞു. പത്രം നിരോധിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജലീൽ തനിക്ക് നിർദേശം നൽകിയിരുന്നതായും സ്വപ്ന ആരോപിച്ചിരുന്നു.
