സാമ്പത്തിക ക്രമക്കേട്; ഇ.പി. ജയരാജനെതിരായ ആരോപണങ്ങള്‍ മാധ്യമസൃഷ്ടി; എം.വി. ഗോവിന്ദന്‍

  • Post category:Kerala / news
  • Reading time:1 min read
You are currently viewing സാമ്പത്തിക ക്രമക്കേട്; ഇ.പി. ജയരാജനെതിരായ ആരോപണങ്ങള്‍ മാധ്യമസൃഷ്ടി; എം.വി. ഗോവിന്ദന്‍

സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജനെതിരായ ആരോപണങ്ങളില്‍ ആദ്യമായി പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ജയരാജനെതിരായ ആരോപണങ്ങള്‍ മാധ്യമ സൃഷ്ടിയാണെന്ന് എം.വി. ഗോവിന്ദന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തിന് മുന്‍പായിരുന്നു പ്രതികരണം. പി.ബിയില്‍ ഈ വിഷയത്തില്‍ ഒരു ചര്‍ച്ചയും ഉണ്ടാവില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഇ.പി. ജയരാജനെതിരെ സംസ്ഥാന സമിതി യോഗത്തില്‍ പി. ജയരാജന്‍ സാമ്പത്തിക ക്രമക്കേട് ആരോപിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിൻ്റെ പേരില്‍ ഇ.പി. ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് മുതിര്‍ന്ന നേതാവ് പി. ജയരാജന്‍ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ആരോപണം ഉന്നയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ആരോപണം ഉന്നയിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും അന്വേഷണം വേണമെന്നും പി. ജയരാജന്‍ ആവശ്യപ്പെട്ടതായാണ് വിവരം.

രേഖാമൂലം ഉന്നയിച്ചാല്‍ ആരോപണം അന്വേഷിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ യോഗത്തില്‍ വ്യക്തമാക്കിയെന്നും രേഖാമൂലം പരാതി നല്‍കാമെന്ന് പി. ജയരാജന്‍ യോഗത്തെ അറിയിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

0Shares