
. പീതാംബരൻ കുറ്റിക്കോൽ
കാസര്‍കോട്: ഗവണ്‍മെന്‍റ് കോളജില്‍ പ്രിന്‍സിപ്പാൾ കാലുപിടിപ്പിച്ചു എന്ന് പരാതി നല്‍കിയ വിദ്യാര്‍ഥിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്സെടുത്തു. രണ്ടാംവര്‍ഷ ഇക്കണോമിക്‌സ് ബിരുദ വിദ്യാര്‍ഥി മുഹമ്മദ് സനദിനെതിരെയാണ് സ്ത്രീത്വത്തെ അപമാനിച്ചതിന് ഇന്ത്യൻ ശിക്ഷാനിയമം 354 വകുപ്പ് പ്രകാരം കേസെടുത്തത്. കോളേജ് അധികൃതരുടെ പരാതിയിലാണ് കേസെടുത്തതെന്ന് കാസര്‍കോട് വനിതാ പൊലീസ് സബ് ഇൻസ്പെക്ടർ അജിത ചാനൽ ആർ.ബിയോട് പറഞ്ഞു.

കാസര്‍കോട് ഗവ. കോളേജ് പ്രിന്‍സിപ്പാൾ തന്നെക്കൊണ്ട് മൂന്ന് തവണ കാല് പിടിപ്പിച്ചതായി മുഹമ്മദ് സനദ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കഴിഞ്ഞദിവസം പരാതി നല്‍കിയതായി പറയുന്നു. കോളേജില്‍ നിന്ന് പുറത്താക്കാതിരിക്കണമെങ്കില്‍ കാലു പിടിക്കണമെന്ന് പ്രിന്‍സിപ്പാൾ (ഇന്‍ ചാര്‍ജ് ) എം. രമ ആവശ്യപ്പെട്ടുവെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ. നവാസ് പറഞ്ഞിരുന്നു.
കോവിഡ് പ്രോട്ടോകോള്‍ പാലിക്കാത്തത് ചോദ്യം ചെയ്തപ്പോള്‍ വിദ്യാര്‍ഥി ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രിന്‍സിപ്പാൾ പറഞ്ഞത്. വിദ്യാര്‍ഥി സ്വമേധയാ കാലില്‍ വീഴുകയായിരുന്നുവെന്നും എം.എസ്.എഫില്‍ നിന്ന് നിരന്തരം ഭീഷണി ഉണ്ടെന്നും പ്രിന്‍സിപ്പാൾ പറഞ്ഞിരുന്നു.
