
ആലപ്പുഴ ചേര്‍ത്തലയിലെ നഴ്‌സിംങ് കോളേജിലെ ബി.എസ്.സി വിദ്യാര്‍ത്ഥികള്‍ കാലങ്ങളായി നേരിടുന്നത് കടുത്ത മാനസിക പീഡനമെന്ന് കേരള നഴ്‌സിംങ് കൗണ്‍സില്‍ സ്ഥിരീകരിച്ചതോടെ നിയമ നടപടിക്ക് വഴിയൊരുങ്ങുന്നു. ആരോഗ്യ സര്‍വ്വകലാശാല പ്രതിനിധികളുടെയും നഴ്‌സിങ് കൗണ്‍സില്‍ പ്രതിനിധികളുടെയും അന്തിമ നടപടിയിൽ കോളേജിലെ ഉന്നത സ്ഥാനം വഹിക്കുന്നവർ കുടുങ്ങിയേക്കും.
വൈസ്. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ തല്‍സ്ഥാനത്ത് നിന്ന് നീക്കാത്തെ മുന്നോട്ട് പോകാനാകില്ലെന്ന് മാനേജ്മെന്റിനും ബോധ്യമായി. രൂക്ഷമായ പരാതിയാണ് നഴ്‌സിംങ് കൗണ്‍സില്‍ പ്രതിനിധികളോട് പറഞ്ഞത്. ഇതിൻ്റെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം വൈസ്. പ്രിന്‍സിപ്പലിനെതിരായ പരാതികള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുട്ടുണ്ട്.

റാഗിംഗിന് സമാനം
വൈസ്. പ്രിന്‍സിപ്പല്‍ എല്ലാ കാര്യത്തെയും ലൈംഗിക ചുവയോടെയാണ് സമീപിക്കാറുള്ളതെന്നാണ് കുട്ടികളുടെ പ്രധാന പരാതി. പെണ്‍കുട്ടികള്‍ മാത്രമുള്ള കോളേജില്‍ ഒരുമിച്ച് ഇരിക്കാനോ, നടക്കാനോ പാടില്ല. അങ്ങനെ കാണുന്നവരെ സ്വര്‍ഗാനുരാഗികളായി മുദ്രകുത്തും. അഞ്ചുമിനിട്ടില്‍ കൂടുതല്‍ ടോയ്‌ലറ്റിലിരുന്നാൽ കുട്ടികളോട് സ്വയംഭോഗം കഴിഞ്ഞോയെന്നാണ് ചോദ്യം. യൂണിഫോമില്‍ ചുളിവ് കണ്ടാല്‍ ആരുടെ കൂടെ കിടന്നിട്ടുള്ള വരവാണോ എന്നും ചോദിക്കും. റാഗിംഗ് രൂപത്തിലുള്ള ഈ സംഭവങ്ങൾ വിവാദമായിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മക്കള്‍ ഉള്‍പ്പെടെ പഠിക്കുന്ന കോളേജിലാണ് ഞെട്ടിക്കുന്ന സംഭവങ്ങളുണ്ടായത്.
മിക്ക കുട്ടികളും പൊട്ടികരയാറുണ്ടെങ്കിലും ഇപ്പോള്‍ ഭൂരിഭാഗം പേര്‍ക്കും ഇത് ശീലമായിട്ടുണ്ട്. പരാതി പറഞ്ഞാല്‍ വൈസ്. പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറിയാലും മറ്റുള്ളവരെ ഉപയോഗിച്ച് ഇന്റേണല്‍ മാര്‍ക്ക് ഉള്‍പ്പെടെ കുറച്ച് തോല്‍പ്പിക്കുമെന്നാണ് എല്ലാവരുടെയും പരാതി. എങ്ങനെയെങ്കിലും പഠനം കഴിഞ്ഞ് ജീവനും കൊണ്ട് രക്ഷപ്പെടണം എന്നാണ് എല്ലാവര്‍ക്കുമുള്ളത്. സ്വകാര്യ കോളേജ് ആയതിനാല്‍ സെമസ്റ്ററിന് പണം നല്‍കിയാണ് പഠിക്കുന്നത്. കോഴ്സ് പാസായില്ലെങ്കില്‍ ഭാവിജീവിതം ഇല്ലാതാകുമെന്ന് എല്ലാവരും ഭയക്കുന്നതാണ് കോളേജ് അധികൃതർ മുതലെടുക്കുന്നത്.
പഠനത്തോടൊപ്പം നിലം തൂത്തുവാരണം
ലൈംഗികാധിക്ഷേപങ്ങള്‍ക്ക് പുറമേയാണ് കുട്ടികളെ കൊണ്ട് ചെരുപ്പ് കഴുകിക്കലും കോളേജിൻ്റെയും ഹാര്‍ട്ട് ആശുപത്രിയുടെയും തറയും വാഷ് ബേസിനും ഉള്‍പ്പെടെ കഴുകിക്കുകയും ചെയ്യും. നിത്യസംഭവമായ ഇത് അവിചാരിതമായി ഒരു യുവതി കാണാൻ ഇടയായതോടെയാണ് മനുഷ്യത്വ രഹിതമായ സംഭവത്തിൻ്റെ ചുരുളഴിഞ്ഞത്.

രക്ഷകയായത് മറ്റൊരു മാലാഖ
രണ്ടാഴ്ച മുമ്പ് പ്രശസ്‌ത ആശുപത്രിയില്‍ പ്രസവത്തിന് എത്തിയ യുവതിയാണ് വിദ്യാര്‍ത്ഥിനികളുടെ ദുരിതം കണ്ടത്. ആലപ്പുഴ സ്വദേശിയായ യുവതി ഓസ്ട്രേലിയയില്‍ നഴ്‌സാണ്. പ്രവസവേദയോടെ ലേബര്‍ റൂമിലേക്ക് കയറാന്‍ സമീപത്തെ മുറിയില്‍ കിടക്കുന്നതിനിടെയാണ് തൻ്റെ മുന്നിലിരുന്ന് യൂണിഫോമിൽ നഴ്‌സിംങ് വിദ്യാര്‍ത്ഥിനി തറ തുടയ്ക്കുന്നത് കണ്ടത്. ലേബര്‍ റൂമില്‍ പ്രസവശേഷം കിടിത്തിയിരുന്നപ്പോഴും തുടര്‍ന്ന് പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡില്‍ കിടത്തിയപ്പോഴും സമാനമായ കാഴ്ചകള്‍ കണ്ടു. പിന്നീട് വാര്‍ഡിലെത്തിയപ്പോഴും വിദ്യാര്‍ത്ഥികള്‍ അടിമകളെ പോലെ അടിച്ചുവാരുന്നു. തുടര്‍ന്ന് യുവതി ഇതെല്ലാം ഫോണില്‍ വീഡിയോ ചിത്രീകരിച്ചു.
ടോയ്‌ലറ്റ് വൃത്തിയാക്കുന്നതുവരെ മാറിനിന്ന് പകര്‍ത്തി, തുടര്‍ന്ന് നഴ്‌സിംങ് കൗണ്‍സില്‍ അംഗങ്ങള്‍ക്ക് കൈമാറുകയായിരുന്നു. അപരിചിതയായ ഈ നഴ്‌സാണ് അകലെ നിന്നും ഒരുകൂട്ടം വിദ്യാര്‍ത്ഥിനികള്‍ക്ക് രക്ഷകയായിരിക്കുന്നത്. വീഡിയോ കണ്ടതോടെ നഴ്‌സിംങ് കൗണ്‍സില്‍ മൂന്നംഗം അന്വേഷണ സമിതിയെ നിയോഗിച്ചു. ഇവര്‍ ഈമാസം ആറിനാണ് കോളേജില്‍ പരിശോധനയ്ക്ക് എത്തിയത്. പതിവ് പോലെ വിദ്യര്‍ത്ഥികളുടെ ക്ഷേമവും തിരക്കി. ആര്‍ക്കും പരാതിയില്ല. വിഷയങ്ങള്‍ എടുത്ത് ചോദിച്ചപ്പോഴും ആരും ഒന്നും പറഞ്ഞില്ല.

വിദ്യാർത്ഥിനികൾ ഒറ്റകെട്ടായപ്പോൾ
ഒരു വിദ്യാര്‍ത്ഥിനി പറഞ്ഞു. ഇവിടെയെല്ലാം ക്യാമറയാണ് മാറി നിന്നാല്‍ സംസാരിക്കാം. പിന്നാലെ ബി.എസ്.സി നഴ്‌സിംങ് മൂന്നും നാലും വര്‍ഷ വിദ്യാര്‍ത്ഥിനികള്‍ കൂട്ടത്തോടെയെത്തി വളഞ്ഞു നിന്നു. ഇത് ക്യാമറയില്‍ കണ്ടാലും ആരാണ് സംസാരിക്കുന്നതെന്ന് വ്യക്തമാകരുത് എന്നായിരുന്നു വിദ്യാര്‍ത്ഥിനികളുടെ ലക്‌ഷ്യം. കോളേജ് ഹോസ്റ്റലില്‍ നിന്ന് വിദ്യാര്‍ത്ഥിനികളെ പുറത്തേക്കോ വീട്ടിലേക്കോ വിടില്ല. വീട്ടുകാര്‍ക്ക് ഹോസ്റ്റലിലേക്ക് വരാനോ കുട്ടികളെ കാണാനോ അനുവാദമില്ല, ഇതേതുടര്‍ന്ന് ചില വീട്ടുകാര്‍ പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും പ്രതികാര നടപടി ഭയന്ന് അത് വേണ്ടെന്ന് പറയുകയായിരുന്നുവെന്നും നഴ്‌സിംങ് കൗണ്‍സിലിന് മുന്നിൽ കുട്ടികള്‍ മൊഴി നല്‍കുകയായിരുന്നു.
മോശപ്പെട്ട ഭക്ഷണമാണ് നല്‍കുന്നത്. ലൈറ്റിട്ടാല്‍ പോലും ഫൈന്‍ അടിക്കും. മുറികളില്‍ തിങ്ങിനിറഞ്ഞാണ് കഴിയുന്നത്. ഒരിക്കല്‍ ഇതേ കുറിച്ച് പരാതി നല്‍കിയപ്പോള്‍ ഇരുട്ട് മുറിയിലേക്ക് മാറ്റി. കുട്ടികൾ പരാതിപ്പെട്ടു.
സ്ത്രീസംരക്ഷണ നിയമങ്ങൾ കർശനമാക്കണം
സംസ്ഥാനത്തെ നഴ്‌സിംഗ് കോളേജ് ഉൾപ്പെടെയുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികൾക്കെതിരെ ഇത്തരം ക്രൂരതകൾ നടക്കുന്നെണ്ടെന്ന ആക്ഷേപങ്ങൾ നേരത്തെ ഉയർന്നിരുന്നു. എന്നാൽ ഇന്റേണല്‍ മാർക്കും പഠനവും ഭാവിജീവിതവും ഓർത്ത് പരാതി പറയാൻ പലരും മുന്നോട്ടുവരുന്നില്ല. സംഭവത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് വരും ദിവസം പോലീസും മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസ്സെടുക്കുമെന്നാണ് സൂചനകൾ ലഭിച്ചത്.
