
കാസർകോട്: മകന്‍ ആദിദേവിന്‍റെ ചികിത്സാ സഹായത്തിന് റേഷന്‍ കാര്‍ഡ് സ്വന്തമാക്കാനെത്തിയ മാലോം കാറ്റാംകവല പട്ടികവര്‍ഗ കോളനിയിലെ അശ്വതിക്കും രാജേഷിനും ആശ്വാസം. കാഞ്ഞങ്ങാട് നടന്ന മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തില്‍ മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ. കെ ശൈലജ ടീച്ചര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് കുടുംബത്തിന് റേഷന്‍ കാര്‍ഡും റേഷന്‍ കാര്‍ഡും കൈവശാവകാശ സര്‍ട്ടിഫിക്കറ്റും ആധാരവും കൈമാറി. ഒപ്പം കുട്ടിയുടെ ചികിത്സ സംബന്ധിച്ച കാര്യങ്ങളില്‍ നടപടിയെടുക്കാന്‍ ജില്ലാ കളക്ടറെ ആരോഗ്യ വകുപ്പ് മന്ത്രി ചുമതലപ്പെടുത്തുകയും ചെയ്തു.
ജന്മനാ മലമൂത്ര വിസര്‍ജന അവയവങ്ങളില്ലാതെ പിറന്ന ഈ ഒന്നര വയസ്സുകാരന്‍റെ ചികിത്സയ്ക്ക് സര്‍ക്കാരിന്‍റെ വിവിധ ചികിത്സാ ആനുകൂല്യങ്ങള്‍ ഇനി ലഭ്യമാകും. ജനുവരി 31ന് നടന്ന ഭീമനടി വില്ലേജ് ക്വാര്‍ട്ടേഴ്‌സ് ഉദ്ഘാടനത്തിന് റവന്യു മന്ത്രിയും കളക്ടറും പങ്കെടുക്കുന്ന വിവരമറിഞ്ഞ് അശ്വതിയും കുടുംബവും എത്തിയിരുന്നു. കുട്ടിയുടെ ചികിത്സ സംബന്ധിച്ച സഹായത്തിനും റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനും സഹായമഭ്യര്‍ഥിച്ച് എത്തിയതായിരുന്നു ഇവര്‍.
ഇവരുടെ നിത്യയാതനകള്‍ അറിഞ്ഞ ജില്ലാ കളക്ടര്‍ ഡോ ഡി. സജിത് ബാബു ഒരാഴ്ചക്കുള്ളില്‍ ആധാരം, ഭൂനികുതി രസീത് നമ്പര്‍ എന്നിവ ബന്ധപ്പെട്ട വകുപ്പുകളുടെ സഹായത്തോടെ ലഭ്യമാക്കാന്‍ വെള്ളരിക്കുണ്ട് തഹസില്‍ദാറോട് നിര്‍ദേശിച്ചിരുന്നു. റേഷന്‍ കാര്‍ഡ് കിട്ടാനാവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഒരു ക്ലര്‍ക്കിനെ കളക്ടര്‍ പ്രത്യേകം നിയോഗിച്ചിരുന്നു. അദാലത്തില്‍ നിന്ന് നിറഞ്ഞ സന്തോഷത്തോടെയാണ് അശ്വതിയും കുടുംബവും യാത്രയായത്.

കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ പാര്‍ട്ട് ടൈം സ്വീപ്പറായി ജോലി ചെയ്തിരുന്ന സീമയ്ക്ക് ജോലി സ്ഥിരമാകും. 20 വര്‍ഷമായി ജോലി ചെയ്യുന്ന സീമയുടെ ജോലി സ്ഥിരമാക്കാന്‍ 2018ല്‍ കോടതി ഉത്തരവ് വന്നിട്ടും 2005ല്‍ ജോലിയില്‍ നിന്ന് ആറുമാസം അവധിയെടുത്തതിനാല്‍ നിയമനം നല്‍കാന്‍ കഴിയില്ലെന്നായിരുന്നു പഞ്ചായത്തിന്‍റെ നിലപാട്. തുടര്‍ന്ന് കോടതിയലക്ഷ്യത്തിന് സീമ നല്‍കിയ കേസ് നടക്കവെ അവസാന ശ്രമമെന്ന നിലയിലാണ് ഭര്‍ത്താവ് ലക്ഷ്മണനൊപ്പം കാഞ്ഞങ്ങാട്ട് മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം അദാലത്തിലേക്ക് സഹായമഭ്യര്‍ത്ഥിച്ചെത്തിയത്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സീമയുടെ ഹൃദയവാല്‍വിന് പ്രശ്‌നമുണ്ട്. സാന്ത്വന സ്പര്‍ശത്തില്‍ സീമയുടെ പ്രശ്‌നം നേരിട്ട് മനസിലാക്കിയ റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ സീമയുടെ 20 വര്‍ഷത്തെ സര്‍വ്വീസും കോടതി ഉത്തരവും കണക്കിലെടുത്ത് എത്രയും വേഗം ജോലി സ്ഥിരമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് നിയമന ഉത്തരവ് നല്‍കാന്‍ നിര്‍ദ്ദേശം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നല്‍കി.
