
കാസര്‍കോട്: കേരള സര്‍ക്കാരിന്‍റെ സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിന്‍റെ ഭാഗമായുള്ള ക്ഷയരോഗ നിവാരണ പദ്ധതിയില്‍ നീലേശ്വരം നഗരസഭയ്ക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ അംഗീകാരം. 2025 നകം സംസ്ഥാനം പൂര്‍ണ്ണമായും ക്ഷയരോഗ വിമുക്തമാക്കുന്നതിന്‍റെ മുന്നോടിയായി നീലേശ്വരം നഗരസഭ പരിധിയില്‍ രണ്ടു വര്‍ഷമായി അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് രോഗം ബാധിച്ചിട്ടില്ല എന്നും ഒന്നാം നിര മരുന്നുകളോട് പ്രതികരിക്കാത്ത ഗുരുതര ക്ഷയരോഗം തുടര്‍ച്ചയായി ഉണ്ടായിട്ടില്ല എന്നും ക്ഷയരോഗം മൂലമുള്ള മരണങ്ങളും ഉണ്ടായിട്ടില്ല തുടങ്ങിയ നേട്ടങ്ങള്‍ കൈവരിച്ചതിനാണ് അംഗീകാരം.

ക്ഷയരോഗം നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ആദ്യപടിയായി കാണുന്ന 2020 ഓടുകൂടി ക്ഷയ രോഗ മരണം പൂര്‍ണ്ണമായും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ക്ഷയരോഗ ബാധയുള്ളവരെ കണ്ടെത്തുവാനുള്ള പുതിയ കഫപരിശോധന രീതിക്കായി വളണ്ടിയര്‍മാരെ നീലേശ്വരം നഗരസഭയില്‍ സജ്ജമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഡിബിനാറ്റ് പരിശോധനാരീതി ഏറ്റവും ശാസ്ത്രീയമാണ് എന്നതാണ് ഇതിന്‍റെ പ്രത്യേകത.
ആരോഗ്യ വകുപ്പ് മന്ത്രി. കെ.കെ. ശൈലജ ടീച്ചര്‍ സാക്ഷ്യപ്പെടുത്തിയ പ്രശംസാപത്രം മുന്‍ ജില്ലാ ടി. ബി ഓഫീസര്‍ ഡോക്ടര്‍ സിറിയക് ആന്റണി ജില്ലാ ട്രീറ്റ്‌മെന്റ് സൂപ്പര്‍വൈസര്‍ സി. സുകുമാരന്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് നഗരസഭാ ചെയര്‍മാന്‍ പ്രൊഫസര്‍ കെ. പി ജയരാജന്‍ ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ക്ക് കൈമാറി.
