‘മനുഷ്യ ജീവനേക്കാള്‍ വിലയില്ല കേരളത്തില്‍ താരാരാധനയ്ക്ക്’: രജിത് കുമാറിനെ സ്വീകരിക്കാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തടിച്ചുകൂടിയവർക്ക് എതിരെ കേസ്

  • Post category:news
  • Reading time:1 min read
You are currently viewing ‘മനുഷ്യ ജീവനേക്കാള്‍ വിലയില്ല കേരളത്തില്‍ താരാരാധനയ്ക്ക്’: രജിത് കുമാറിനെ സ്വീകരിക്കാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തടിച്ചുകൂടിയവർക്ക് എതിരെ കേസ്

കോവിഡ് 19 പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കേ ടെലിവിഷൻ റിയാലിറ്റി ഷോയിൽ നിന്ന് പുറത്തായ രജിത് കുമാറിനെ സ്വീകരിക്കാൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുന്നിൽ തടിച്ചുകൂടിയവർക്കെതിരെ കേസ്. കൊവിഡ് പശ്ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്ന സർക്കാർ നിർദ്ദേശം ലംഘിച്ചതിനാണ് നടപടി.

പേരറിയാവുന്ന നാല് പേർക്കെതിരെയും കണ്ടാലറിയാവുന്ന 75 പേർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. മനുഷ്യ ജീവനേക്കാൾ വില താരാരാധനയ്ക്കില്ലെന്ന് കളക്ടർ എസ്. സുഹാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് രജിത് കുമാര്‍ കൊച്ചിയിലെത്തിയത്. രജിത് എത്തുന്ന വിവരമറിഞ്ഞ് വന്‍ ജനക്കൂട്ടം വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയിരുന്നു.മനുഷ്യ ജീവനേക്കാള്‍ വില താരാരാധനയ്ക്കില്ലെന്ന് എറണാകുളം ജില്ല കളക്ടര്‍ പറഞ്ഞു.

കളക്ടർ എസ്. സുഹാസ് ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

കേസ് എടുത്തു !
കോവിഡ് 19 പശ്ചാത്തലത്തിൽ ലോകം മുഴുവൻ ജാഗ്രതയിൽ നിൽകുമ്പോൾ ഒരു TV ഷോയിലെ മത്സരാർത്ഥിയും ഫാൻസ്‌ അസോസിയേഷനും ചേർന്ന് കൊച്ചി എയർപോർട്ട് പരിസരത്തു ഇന്നലെ രാത്രി നടത്തിയ പ്രകടനങ്ങൾ അക്ഷരാർഥത്തിൽ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണ്. ജാഗ്രതയുടെ ഭാഗമായി മത-രാഷ്ട്രീയ- സാമുദായിക സംഘടനങ്ങൾ പോലും എല്ലാ വിധ സംഗം ചേർന്ന പ്രവർത്തനങ്ങളും ഉപേക്ഷിച്ചു ജനങളുടെ സുരക്ഷക്കായി നിലകൊള്ളുമ്പോൾ ഇങ്ങനെയുള്ള നിയമലംഘനങ്ങൾക്കു മുൻപിൽ കണ്ണടക്കാൻ നിയമപാലകർക്കു കഴിയില്ല. പേരറിയാവുന്ന 4 പേരും , കണ്ടാലറിയാവുന്ന മറ്റു 75 പേർക്കെതിരെയും നിയമലംഘനത്തിന് കേസ് എടുത്തു .

മനുഷ്യ ജീവനെക്കാളും വില താരാരാധനക്കു കല്പിക്കുന്ന സ്വഭാവം മലയാളിക്കില്ല , ഇങ്ങനെ ചില ആളുകൾ നടത്തുന്ന കാര്യങ്ങൾ കേരള സമൂഹത്തിനു തന്നെ ലോകത്തിന്‍റെ മുൻപിൽ അവമതിപ്പുണ്ടാക്കാൻ കാരണമാകും.

0Shares