
അക്രമികളെ പിടികൂടാൻ ‘ഓപ്പറേഷൻ കാവൽ’ എന്ന പേരിൽ പ്രത്യേക പദ്ധതിയുമായി പൊലീസ്. അക്രമികളെയും മയക്കുമരുന്ന് കടത്ത് അടക്കമുളള കുറ്റകൃത്യങ്ങൾ പിടികൂടുകയെന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. മയക്ക്മരുന്ന് കടത്ത്, മണൽകടത്ത്, കള്ളക്കടത്ത്, സംഘം ചേർന്നുള്ള ആക്രമണങ്ങൾ എന്നിവ തടയുന്നതിനും ഇതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്നവരെയും കണ്ടെത്താൻ പദ്ധതിയിലൂടെ സാധിക്കും.
ഇത്തരക്കാരെ കണ്ടെത്തി നിയമ നടപടികൾക്ക് വിധേയരാക്കുകയും ചെയ്യും. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് പദ്ധതിയുടെ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടശേഷം ഒളിവിൽ കഴിയുന്നവരെ കണ്ടെത്താനായി ജില്ലാ പൊലീസ് മേധാവിമാർ പ്രത്യേക സംഘങ്ങൾക്ക് രൂപം നൽകും. സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ പട്ടിക സ്പെഷ്യൽ ബ്രാഞ്ച് തയ്യാറാക്കുകയും പട്ടികയിൽ ഉൾപ്പെട്ടവരെ നിരീക്ഷിക്കുകയും ചെയ്യും.

ജാമ്യത്തിലിറങ്ങിയവർ വ്യവസ്ഥകൾ ലംഘിക്കുന്നുവോ എന്ന് പരിശോധിക്കും. ലംഘിച്ചതായി കണ്ടെത്തിയാൽ ജാമ്യം റദ്ദാക്കി റിമാൻഡ് ചെയ്യാൻ നടപടി സ്വീകരിക്കും. ഇതിനായി സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് രഹസ്യാന്വേഷണം നടത്തും.
ക്രിമിനൽ കേസിലെ പ്രതികളുടേയും കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെയും നീക്കങ്ങൾ മനസ്സിലാക്കി അന്വേഷണം ഊർജ്ജിതമാക്കും. അവരുടെ സങ്കേതങ്ങളിൽ പരിശോധന നടത്തും.നേരത്തെ അക്രമസംഭവങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ ഡേറ്റ ബേസ് ജില്ലാ അടിസ്ഥാനത്തിൽ തയ്യാറാക്കും. ആവശ്യമെങ്കിൽ കാപ്പാ നിയമപ്രകാരം ഇവരെ അറസ്റ്റ് ചെയ്യും. സ്ഥിരം കുറ്റവാളികളുടെ മുഴുവൻ വിവരങ്ങളും ജില്ലാ പോലീസ് മേധാവിമാർ തയ്യാറാക്കും
