
ഭ്രമം സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ അഹാന കൃഷ്ണയുടെ പ്രതികരണം. നിലവില്‍ നടക്കുന്ന സംഭവങ്ങളില്‍ തനിക്ക് പങ്കില്ലെന്ന് അഹാന കൃഷ്ണ പറയുന്നു. ”ഭ്രമം സിനിമയുമായി ബന്ധപ്പെട്ട് എന്‍റെ പേരില്‍ വന്ന ചില വാര്‍ത്തകള്‍ കണ്ടിരുന്നു. ദയവ് ചെയ്ത് എന്നെ ഇതില്‍ നിന്നും ഒഴിവാക്കുക. ഞാനൊന്നും പറഞ്ഞിട്ടില്ല. ഞാന്‍ ആരെക്കുറിച്ചും ഒന്നും പറഞ്ഞിട്ടില്ല. ഞാന്‍ ആ സിനിമയിലേ ഇല്ല.

ആ സിനിമയുമായി ബന്ധപ്പെട്ടവരാണ് സംസാരിച്ചിരിക്കുന്നത്. വേറൊരു വ്യക്തി പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എന്നെ വച്ചിട്ട് വാര്‍ത്തയാക്കരുത്. ഈ ഡ്രാമയില്‍ എനിക്കൊരു പങ്കുമില്ല. എന്‍റെ ഫോട്ടോ വച്ചു വരുന്ന വാര്‍ത്തകള്‍ ദയവ് ചെയ്ത് തളളിക്കളയുക’
പൃഥ്വിരാജിന്‍റെ കടുത്ത ആരാധികയാണ് താനെന്നും ഭ്രമവുമായി ബന്ധപ്പെട്ട നടന്നതെല്ലാം പ്രൊഫഷന്‍റെ ഭാഗമാണെന്നും അഹാന കൃഷ്ണ പറയുന്നു. പൃഥ്വിരാജിനെ ഇതിന്‍റെ പേരില്‍ ആക്രമിക്കുന്നവരോട് വേറൊരു പണിയുമില്ലേ എന്നാണ് ചോദിക്കാനുള്ളത്.
രവി.കെ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഭ്രമം എന്ന സിനിമയില്‍ അഹാന കൃഷ്ണയെ കാസ്റ്റ് ചെയ്ത ശേഷം ഒഴിവാക്കിയെന്ന് അച്ഛനും നടനുമായ കൃഷ്ണകുമാര്‍ ആരോപിച്ചിരുന്നു. താന്‍ ബി.ജെ.പി ആയതിനാലാണ് സിനിമയില്‍ നിന്ന് മകളെ മാറ്റിയതെന്നും കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു. അതേസമയം, ഈ ആരോപണം ഭ്രമം നിര്‍മ്മാതാക്കള്‍ നിഷേധിച്ചിരുന്നു.
