
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സി.എം.ആർ.എൽ ഉദ്യോഗസ്ഥരെ ഇ.ഡി ചോദ്യം ചെയ്യൽ മണിക്കൂറുകളായി തുടരുന്നു. സി.എം.ആർ.എൽ ഫിനാൻസ് ഓഫീസർ കെ.എസ് സുരേഷ് കുമാർ, ഐ.ടി മാനേജർ എൻ.സി ചന്ദ്രശേഖരൻ, സീനിയർ ഐ.ടി ഓഫിസർ അഞ്ജു റേച്ചൽ കുരുവിള എന്നിവരാണ് കഴിഞ്ഞ ദിവസം ഇ.ഡിക്ക് മുന്നിൽ ഹാജരായത്. ഇവരെ ചെന്നെയിൽ നിന്നും എത്തിയ ഇ.ഡി സ്പെഷ്യൽ ഓഫീസറുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ തുടരുകയാണ്.
സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയോട് ഹാജരാകാൻ ആവിശ്യപ്പെട്ടിരുന്നു എങ്കിലും ഹാജരായിട്ടില്ല. വീണാ വിജയൻ്റെ സോഫ്റ്റ്‌വെയർ കമ്പനിയായ എക്‌സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകൾ ഉൾപ്പെടെ ഹാജരാക്കണമെന്ന് ഇ.ഡി ആവശ്യപ്പെട്ടിരുന്നു.
സി.എൻ ശശിധരൻ കർത്തയ്ക്ക് വീണ്ടും ഇ.ഡി നോട്ടീസ് അയച്ചു. ഈ ചൊവാഴ്‌ച ഹാജരാകാനാണ് ഇ.ഡി നോട്ടീസ് നൽകിയത്. എന്നാൽ ഇന്ന് ഹാജരാകില്ലെന്ന് അദ്ദേഹം അറിയിച്ചു. ആരോഗ്യ പ്രശ്‌നമുണ്ടെന്നും അറിയിച്ചു. രേഖകൾ കൈമാറാം എന്നും അദ്ദേഹം അറിയിച്ചു. സി.എം.ആർ.എൽ വീണ്ടും കോടതിയെ സമീപിച്ചേക്കും. ചൊവാഴ്‌ച 10.30ന് ഹാജരാകാനായിരുന്നു നിർദേശം. തിങ്കളാഴ്‌ച രാത്രിയാണ് ഇ.ഡി സമൻസ് അയച്ചത്.

തിങ്കളാഴ്‌ച ഹാജരാകാതിരുന്നതിനെ തുടർന്നായിരുന്നു ഇ.ഡി വീണ്ടും സമൻസ് അയച്ചത്.സി.എം.ആര്‍.എല്‍ മാസപ്പടി കേസില്‍ തിങ്കളാഴ്‌ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇ.ഡി സി.എം.ആര്‍.എല്‍ എം.ഡിക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നത്. ഇതിനെതിരെ ശശിധരന്‍ കര്‍ത്ത ഹൈക്കോടതിയെ സമീപിച്ചു.
എന്‍ഫോഴ്‌സ്‌മെണ്ട് ഡയറക്ട്രേറ്റിൻ്റെ അന്വേഷണത്തില്‍ ഇടപെടാൻ ആകില്ലെന്നായിരുന്നു ഹൈക്കോടതി നിലപാട്. ഇ ഡി സമന്‍സ് ചോദ്യം ചെയ്‌ത് സി.എം.ആര്‍.എല്‍ എം.ഡി ശശിധരന്‍ കര്‍ത്ത നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു ഹൈക്കോടതി നിലപാട് അറിയിച്ചത്. കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം നടക്കുന്ന ഈ ഘട്ടത്തില്‍ ഇ.ഡി അന്വേഷണം നിലനില്‍ക്കില്ലെന്ന് ആയിരുന്നു കര്‍ത്തയുടെ വാദം.
