
തനിക്കെതിരെ ആക്രമണമുണ്ടായാൽ അതിൻ്റെ ഉത്തരവാദികൾ കൗൺസിൽ ഫോർ ഫത്‌വ ആൻഡ് റിസർച്ച് ആയിരിക്കുമെന്ന് സ്വന്തം ഭാര്യയെ രണ്ടാമതും വിവാഹം കഴിച്ച ഷുക്കൂർ വക്കീൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷുക്കൂർ വക്കിൽ ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, മുസ്‌ലിം പിന്തുടർച്ചവകാശ നിയമത്തിലെ പ്രതിസന്ധി മറികടക്കാൻ സ്പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം ഷുക്കൂർ വക്കീലും ഭാര്യ ഷീനയും വീണ്ടും വിവാഹിതരായിരുന്നു. മൂന്ന് പെൺമക്കളുടെ സാന്നിധ്യത്തിൽ ഹൊസ്ദുർഗ് രജിസ്ട്രാർ ഓഫീസിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.
ഷുക്കൂർ വക്കീലിനെതിരെ കൗൺസിൽ ഫോർ ഫത്‌വ ആൻഡ് റിസർച്ച് പുറത്തിറക്കിയ പ്രസ്താവനയും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചു. ഷുക്കൂർ വക്കീലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം :

നന്ദി.
പടച്ചവൻ അനുഗ്രഹിക്കട്ടെ .
എല്ലാ മനുഷ്യരെയും തുല്യരായി കാണുവാൻ കഴിയുന്ന കാലം വരുമെന്നു തന്നെയാണ് പ്രതീക്ഷ.
മത നിയമങ്ങളെ ഒന്നും അവഹേളിക്കുന്നില്ല. ഒരു വിശ്വാസിയുടെയും ആത്മവീര്യം തകർക്കാനും ഉദ്ദേശിക്കുന്നില്ല. അതു കൊണ്ട് എനിക്കെതിരെ ഒരു ശക്തമായ പ്രതിരോധവും വേണ്ട സഹോദരങ്ങളെ .
” പ്രതിരോധം ” എന്ന വാക്കിനെ തെറ്റായി ധരിച്ച് ഏതെങ്കിലും ഒരാൾ എന്നെ കായികമായി അക്രമിക്കുവാൻ തുനിഞ്ഞാൽ അതിൻ്റെ പൂർണ്ണമായ ഉത്തരവാദികൾ ഈ സ്റ്റേറ്റ് മെന്റ് ഇറക്കിയവർ മാത്രമായിരിക്കും . നിയമ പാലകർ ശ്രദ്ധിക്കുമെന്നു കരുതുന്നു.
