
മണിപ്പൂരില്‍ പുതിയ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഇംഫാലിലെ ന്യൂ ലാംബുലെന്‍ ഏരിയയിലെ ഉപേക്ഷിക്കപ്പെട്ട വീടുകള്‍ ഇന്ന് രാവിലെ ഒരു ജനക്കൂട്ടം കത്തിക്കുകയായിരുന്നു. തീയണക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സൈന്യത്തെയും അര്‍ധസൈനിക വിഭാഗത്തെയും എത്തിച്ചിട്ടുണ്ട്.
തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 2 വരെ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. നേരത്തെ കര്‍ഫ്യൂവിന് രാവിലെ ആറ് മുതല്‍ വൈകീട്ട് നാല് വരെ ഇളവ് നല്‍കിയിരുന്നു. സംസ്ഥാനത്ത് വീടുകള്‍ക്കും പരിസരങ്ങള്‍ക്കും തീയിട്ടത് പോലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി.
മണിപ്പൂരിലെ ക്രമസമാധാന നിലയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന, പൊതുജനങ്ങളുടെ വികാരം ഉണര്‍ത്തുന്ന ചിത്രങ്ങള്‍, വിദ്വേഷ പ്രസംഗങ്ങള്‍, വിദ്വേഷ വീഡിയോ സന്ദേശങ്ങള്‍ എന്നിവയുടെ സംപ്രേക്ഷണത്തിന് സാമൂഹിക വിരുദ്ധര്‍ സോഷ്യല്‍ മീഡിയയെ വ്യാപകമായി ഉപയോഗിക്കുമെന്ന് ആശങ്കയുണ്ട്. ഒരു ഔദ്യോഗിക ഉത്തരവില്‍ പറഞ്ഞു.

മണിപ്പൂര്‍ സംസ്ഥാനത്തിൻ്റെ അധികാരപരിധിയില്‍ സമാധാനത്തിനും പൊതുസമാധാനത്തിനും തടസ്സങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഈ ഉത്തരവ് പുറപ്പെടുവിക്കുന്നത്, ഈ സസ്‌പെന്‍ഷന്‍ ഉത്തരവ് 26-05-2023ന് വൈകുന്നേരം 3 മണി വരെ പ്രാബല്യത്തില്‍ വരുന്ന സമയം മുതല്‍ അഞ്ച് ദിവസത്തേക്ക് കൂടി നീണ്ടു നില്‍ക്കും. ഉത്തരവില്‍ പറയുന്നു.
ഇംഫാലിലെ ന്യൂ ചെക്കണ്‍ ബസാര്‍ മേഖലയില്‍ ഇന്ന് രാവിലെയാണ് സംഘര്‍ഷമുണ്ടായത്. ഇതിന് പിന്നാലെയാണ് തീയിട്ട സംഭവങ്ങള്‍ അരങ്ങേറിയത്. സംഭവത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
