
പത്തനംതിട്ട: കലഞ്ഞൂരിൽ നിന്ന് കാണാതായ നൗഷാദിനെ (36) തൊടുപുഴ തൊമ്മൻകുത്ത് ഭാഗത്ത് നിന്ന് കണ്ടെത്തി. തൊടുപുഴ പൊലീസ് നൗഷാദിനെ ഡി.വൈ.എസ്.പി ഓഫിസിൽ എത്തിച്ച് ചോദ്യം ചെയ്‌തു. നൗഷാദ് റബർ തോട്ടത്തിലെ ജോലിക്കാരനായി കഴിയുകയായാരുന്നു.
ഒന്നരവർഷം മുമ്പ് കാണാതായ നൗഷാദിനെ കൊലപ്പെടുത്തിയതായി ഭാര്യ അഫ്‌സാന വ്യാഴാഴ്‌ച പൊലീസിന് മൊഴി നൽകിയിരുന്നു. ഇവരുടെ മൊഴികൾ കണക്കിലെടുത്ത് നിരവധി ഇടങ്ങളിൽ മൃതദേഹത്തിനായി പൊലീസ് പരിശോധന നടത്തി. ഇടയ്ക്ക് നൗഷാദിനെ തിരികെ കൊണ്ടുവരണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് അഫ്‌സാന പറഞ്ഞിരുന്നു. ഇതാണ് നൗഷാദ് ജീവിച്ചിരിപ്പുണ്ടെന്ന സംശയത്തിലേക്ക് പൊലീസിനെ നയിച്ചതെന്നാണ് വിവരം.

അതേസമയം, അറസ്റ്റിലായ ഭാര്യ അഫ്‌സാനയെ കോടതി റിമാണ്ട് ചെയ്‌തു. അഫ്‌സാനയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് വൈകാതെ അപേക്ഷ നൽകും. വ്യാഴാഴ്‌ച വൈകിട്ട് കൂടൽ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്‌തപ്പോൾ യുവതി വീണ്ടുമൊഴി മാറ്റി. മൃതദേഹം സുഹൃത്തിൻ്റെ സഹായത്തോടെ പെട്ടിഓട്ടോയിൽ കൊണ്ടുപോയെന്നാണ് അഫ്‌സാനയുടെ പുതിയ മൊഴി. തുടർന്ന് പെട്ടി ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്‌തു. എന്നാൽ തനിക്ക് അത്തരത്തിൽ ഓട്ടോയില്ലെന്നും അഫ്‌സാനയെ ജോലിക്കൊക്കെ കൊണ്ടുപോയുള്ള പരിചയം മാത്രമാണുള്ളതെന്നും ഡ്രൈവർ പറഞ്ഞു. ചോദ്യം ചെയ്യലിനൊടുവിൽ ഡ്രൈവറെ വിട്ടയച്ചു.
ആദ്യം സമീപത്തെ സെമിത്തേരിയിൽ ഉണ്ടെന്ന് പറഞ്ഞ് അവിടെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. അപ്പോഴാണ് വീടിനുള്ളിൽ കുഴിച്ചിട്ടെന്ന് പറഞ്ഞ് അവിടെ നോക്കിയത്. എന്നാൽ അവിടെയും ഒന്നും കണ്ടെത്താനായില്ല. വ്യാഴാഴ്‌ച ഉച്ചയോടെ അഫ്‌സാനയെ വീണ്ടും വീട്ടിലെത്തിച്ചു ചോദ്യം ചെയ്‌തു. അപ്പോൾ പറഞ്ഞത് വീടിന് വെളിയിലാണെന്നാണ്. അങ്ങനെയാണ് വീടിന് വെളിയിൽ പല സ്ഥലത്തായി പൊലീസ് പരിശോധന നടത്തിയത്. എന്നാൽ അവിടെ നിന്നും മൃതദേഹത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്താനായില്ല. മൃതദേഹം പുഴയിൽ ഒഴുക്കിയെന്നും യുവതി പറഞ്ഞിരുന്നു.
മൊഴി മാറ്റി പറയുന്നതിനാൽ ശാസ്ത്രീയ പരിശോധനകളിലൂടെ മാത്രമേ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കഴിയൂവെന്ന നിഗമനത്തിലാണ് പൊലീസ്. അഫ്‌സാനയെ നുണ പരിശോധനയ്ക്ക് വിധേയമാക്കിയേക്കും. അതേസമയം അഫ്‌സാനക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് സംശയിക്കുന്നതായി നൗഷാദിൻ്റെ മാതാപിതാക്കൾ പറഞ്ഞു.
നൗഷാദും കുടുംബവും പരുത്തിപ്പാറയിലെ വാടകവീട്ടിൽ കഴിഞ്ഞത് ആരോടും വലിയ സൗഹൃദമില്ലാതെ. വിശാലമായ പറമ്പിന് നടുവിലെ പഴയ വീട്ടിൽ ഇപ്പോൾ ഇതര സംസ്ഥാന തൊഴിലാളികളാണ് വാടകക്ക് താമസിക്കുന്നതെന്ന് വാർഡ് അംഗം ശ്രീലേഖ ഹരികുമാർ പറഞ്ഞു. മദ്യപിച്ച് കഴിഞ്ഞാൽ സ്ഥിരമായി അഫ്‌സാനയെ നൗഷാദ് മർദിക്കുമായിരുന്നു.
പലപ്പോഴും മർദനം സഹിക്കാൻ വയ്യാതെ തങ്ങളുടെ വീട്ടിൽ എത്തുമായിരുന്നുവെന്ന് പ്രദേശവാസിയായ ഷാനി പറഞ്ഞു. രണ്ട് കുട്ടികളുമായി എത്തുന്ന അഫ്‌സാനയെ ഏറെനേരം കഴിഞ്ഞു നൗഷാദ് വന്നു വിളിച്ചുകൊണ്ട് പോകുമായിരുന്നു. ആദ്യം പഴക്കച്ചവടമായിരുന്നു തൊഴിൽ. പിന്നീട് ഷാനിയുടെ ഭർത്താവിനൊപ്പം ഐസ് ഫാക്ടറിയിൽ നൗഷാദ് ജോലി ചെയ്‌തിരുന്നു.
