
കാസർകോട്: മഞ്ചേശ്വരം താലൂക്കിലെ എന്‍മകജെ ഗ്രാമപഞ്ചായത്തിലെ കാട്ടുകുക്കെയില്‍ ആഫ്രിക്കന്‍ പന്നി പനി സ്ഥിരീകരിച്ച ഫാമിലെ പന്നികളെ വെള്ളിയാഴ്ച ഉന്മൂലനം ചെയ്യും. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഫാമിലെ പന്നികളെ ഉന്മൂലനം ചെയ്ത് ശാസ്ത്രീയമായി സംസ്‌കരിക്കുന്നത്. ജില്ലാ മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരും മൃഗഡോക്ടര്‍മാരും അടങ്ങുന്ന റാപ്പിഡ് റെസ്പോണ്‍സ് ടീമാണ് പന്നികളെ ഉന്മൂലനം ചെയ്ത് സംസ്‌കരിക്കുന്നത്. ഇതിനായുള്ള പരിശീലനം റാപ്പിഡ് റെസ്പോണ്‍സ് ടീമിന് ഇന്നലെ നല്‍കിയിരുന്നു. ഉന്മൂലനം ചെയ്യുന്നതിനായി പ്രത്യേക കിറ്റുകള്‍ അടക്കമുള്ള സുരക്ഷ സംവിധാനങ്ങള്‍ സ്വീകരിച്ചാണ് റാപ്പിഡ് റെസ്പോണ്‍സ് ടീം പ്രവര്‍ത്തിക്കുക.
നാഷണല്‍ ആക്ഷന്‍ പ്ലാന്‍ പ്രകാരം പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പന്നികളെയും ഉന്മൂലനം ചെയ്യണമെന്നാണെങ്കിലും ഒരു കിലോമീറ്റര്‍ പരിധിയില്‍ മറ്റു ഫാമുകള്‍ ഇല്ലാത്തതിനാല്‍ പന്നിപ്പനി സ്ഥിരീകരിച്ച സ്വകാര്യവ്യക്തിയുടെ ഫാമിലെ പന്നികളെ മാത്രമെ ഉന്മൂലനം ചെയ്യുന്നുള്ളു. റാപ്പിഡ് റെസ്പോണ്‍സ് ടീമിനും ഉന്മൂലന പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്നവര്‍ക്കും ഒഴിച്ച് മറ്റാര്‍ക്കും ഫാമിനും പരിസരപ്രദേശത്തേക്കും പ്രവേശനമില്ല. അതേസമയം മനുഷ്യരിലേക്കും മറ്റ് വളര്‍ത്തു മൃഗങ്ങളിലേക്കും ഇത് പകരില്ലെങ്കിലും വൈറസ് ശരീരത്തില്‍ പ്രവേശിച്ച് മറ്റു സ്ഥലങ്ങളിലേക്ക് എത്താനുള്ള സാധ്യത കണക്കിലെടുത്താണ് ഈ നടപടി.
വളര്‍ത്തു പന്നികളിലും കാട്ടുപന്നികളിലും കാണപ്പെടുന്ന തീവ്ര വ്യാപന സ്വഭാവമുള്ള വൈറസ് രോഗമാണ് ആഫ്രിക്കന്‍ പന്നിപ്പനി. നേരിട്ടുള്ള സംസര്‍ഗ്ഗം വഴിയോ അല്ലാതെയോ ഈ രോഗം പകരാം.
പൊലീസ്, റവന്യു, തദ്ദേശ സ്വയംഭരണം, മോട്ടോര്‍ വാഹന വകുപ്പ് ഫയര്‍ ആന്റ് റസ്‌ക്യൂ, റവന്യു തുടങ്ങിയ വകുപ്പുകള്‍ ആവശ്യമായ പിന്തുണ നല്‍കും. കാസര്‍കോട് ആര്‍.ഡി.ഒ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. കാട്ടുകുക്കെയിലെ രോഗ പ്രഭവ കേന്ദ്രത്തിൻ്റെ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ പന്നി കശാപ്പ് ഇറച്ചിവില്‍പ്പന മൂന്നു മാസത്തേക്ക് നിരോധിച്ചു.

രോഗപ്രഭവ കേന്ദ്രത്തിന് പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തേക്കോ, ഇവിടെ നിന്നും പുറത്തേക്കോ പന്നികള്‍, പന്നി മാംസം, പന്നി മാംസ ഉല്‍പ്പനങ്ങള്‍, പന്നികളുടെ കാഷ്ടം എന്നിവ കൊണ്ടു പോകുന്നില്ലെന്ന് വാഹന പരിശോധനയിലൂടെ പോലീസും ചെക്‌പോസ്റ്റ് കടന്നു വരുന്നില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പും ഉറപ്പു വരുത്തും.
രോഗപ്രഭവ കേന്ദ്രത്തിലുള്ള പന്നികളെ മറവ് ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായാല്‍ അഗ്‌നിരക്ഷാ വകുപ്പ് പ്രദേശം അണുവിമുക്തമാക്കും. രോഗപ്രതിരോധത്തിനായി എത്തുന്ന റാപിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങള്‍ക്ക് താമസവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും എണ്‍മകജെ ഗ്രാമ പഞ്ചായത്ത് ഉറപ്പു വരുത്തും.
