
കാസർഗോഡ്: കേരളത്തിൽ അധ്യാപക ഭവനോ ശിക്ഷകസദനോ ഇല്ലാത്ത ഏക ജില്ല കാസർഗോഡ് ആണെന്നും മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ മംഗൽപാടി ജി.ബി.എൽ.പി സ്കൂൾ വളപ്പിൽ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾ പ്രയോജനപ്പെടുത്തി ശിക്ഷക സദൻ അനുവദിക്കണമെന്ന് കാസറഗോഡ് ജില്ലാ ഭരണഭാഷ സമിതി ആവശ്യപ്പെട്ടു. കാസർഗോഡ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുമായി നടത്തിയ ചർച്ചയിലാണ് ആവശ്യം മുന്നോട്ട് വെച്ചത്. ഇതര ജില്ലകളിൽ നിന്ന് നിയമനം കിട്ടിഎത്തുന്നവർക്കും യാത്രക്കാർക്കും ശിക്ഷക്സദൻ ഏറെ പ്രയോജനപ്പെടും. സമിതി സർക്കാരിൽ സമർപ്പിച്ച ആവശ്യങ്ങളിൽ വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ DDE യുമായി ചർച്ച ചെയ്യുകയായിരുന്നു ഭാരവാഹികൾ.
ഭാഷാ ന്യൂനപക്ഷ പ്രദേശത്ത് മാത്രമായി 476 പ്രൈമറി അധ്യാപകരെ ഹയർസെക്കൻഡറി പരീക്ഷയ്ക്ക് നിയോഗിച്ചതിനാൽ പ്രൈമറി ക്ലാസുകളിലെ പഠനവും പരീക്ഷയും അവതാളത്തിൽ ആയതായി സമിതി ചൂണ്ടിക്കാട്ടി.
കന്നട വിദ്യാലയങ്ങളിൽ മലയാളം ആരംഭിച്ചത് പോലെ അതിർത്തി പ്രദേശത്തെ മലയാള വിദ്യാലയങ്ങളിൽ കന്നട ആരംഭിക്കുക. അതിർത്തി പ്രദേശത്ത് 50 മലയാളം വിദ്യാലയങ്ങൾ ഉള്ളതായി കണക്കാക്കിയാൽ 18 ലക്ഷത്തി എഴുപതിനായിരം രൂപ മാത്രമേ പഠനച്ചെലവ് വരികയുള്ളൂ. 5 വിദ്യാലയങ്ങളിൽ ഒരു അധ്യാപകൻ തോതിൽ 50 വിദ്യാലയങ്ങളിലേക്ക് 10 അധ്യാപകർ മതിയാകും ദിവസം 935 രൂപ തോതിൽ 10 പേർക്ക് 200 പ്രവർത്തി ദിവസങ്ങൾക്ക് ഇത്രയും തുക മതിയാകുന്നതാണ്. ചിലവ് ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതത്തിൽ നിന്ന് എടുക്കാവുന്നതാണെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. കന്നഡ വിദ്യാലയങ്ങളിൽ മലയാളം പഠിച്ചവർക്ക് മലയാളം knowing സർട്ടിഫിക്കറ്റ് നൽകുക, പാഠപുസ്തകം കൃത്യസമയത്ത് എത്തിക്കുക, വർഷാരംഭത്തിൽ തന്നെ അധ്യാപക നിയമനം നടത്തുക, സപ്തഭാഷാ സംഗമഭൂമിയിൽ വിവിധ ഭാഷക്കാർ ഒന്നിച്ചുള്ള സാംസ്കാരിക പരിപാടികളും വട്ടമേശ സമ്മേളനങ്ങളും നിരന്തരം നടത്തുക, 2026-27 ൽ കന്നഡ അഞ്ചാം ക്ലാസിൽ മലയാളം ആരംഭിക്കുന്നതിന് മുന്നോടിയായി ബന്ധപ്പെട്ട ഹെഡ്മാസ്റ്റർമാർക്ക് നിർദ്ദേശം നൽകുക തുടങ്ങിയ ആവശ്യങ്ങൾ സമിതി ഉന്നയിച്ചു. സമിതിയെ പ്രതിനിധീകരിച്ച് പ്രസിഡണ്ട് നാസർ ചെർക്കളം, ജനറൽ സെക്രട്ടറിമാരായ കൂക്കൾ ബാലകൃഷ്ണൻ, എം.കെ അലി മാസ്റ്റർ, മഹ്മൂദ് കൈകമ്പ, അബ്ബാസ് ഓണന്ദ, കെ.എം നഫീസ ടീച്ചർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
