എന്‍.എ നെല്ലിക്കുന്ന് എം.എൽ.എയുടെ അഡീഷണല്‍ പി.എ അന്തരിച്ചു; വിടപറഞ്ഞത് സാധാരണക്കാർക്ക് സഹായം ചെയ്യാൻ ഓടിനടന്ന ചെറുപ്പക്കാരൻ

  • Post category:Kerala / news / obitury
  • Reading time:1 min read
You are currently viewing എന്‍.എ നെല്ലിക്കുന്ന് എം.എൽ.എയുടെ അഡീഷണല്‍ പി.എ അന്തരിച്ചു; വിടപറഞ്ഞത് സാധാരണക്കാർക്ക് സഹായം ചെയ്യാൻ ഓടിനടന്ന ചെറുപ്പക്കാരൻ

കാസര്‍കോട്: തിരുവനന്തപുരം ബാലരാമപുരം സ്വദേശിയും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ അഡീഷണല്‍ പി.എയുമായ മനു (31) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖം മൂലം കുറച്ചു നാളായി ചികിത്സയിലായിരുന്നു. വ്യാഴാഴ്‌ചയായിരുന്നു അന്ത്യം. മനു ഏവർക്കും പ്രിയപ്പെട്ടവൻ ആയിരുന്നുവെന്ന് എൻ.എ നെല്ലിക്കുന്ന് പറഞ്ഞു.

സഹായത്തിനായി ആരെങ്കിലും സമീപിച്ചാൽ ബന്ധങ്ങളോ രാഷ്ട്രീയമോ ഒന്നും നോക്കാതെ സാധാരണക്കാർക്ക് സഹായം ചെയ്യാൻ ഓടിനടന്നിരുന്ന ചെറുപ്പക്കാരൻ ആയിരുന്നു വിടപറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

കാസർകോട് നിന്നും തിരുവനന്തപുരത്ത് എത്തുന്ന മണ്ഡലത്തിലെയും മറ്റുപ്രദേശങ്ങളിലെയും ആളുകൾക്ക് വ്യത്യാസവുമില്ലാതെ ആവശ്യമായ സേവനങ്ങൾ ചെയ്‌തു കൊടുക്കുന്നതിൽ മനു അതീവ താത്പരനായിരുന്നുവെന്ന് നെല്ലിക്കുന്ന് ഫേസ് ബുക്കിൽ കുറിച്ചു.

തിരുവനന്തപുരമായി ബന്ധപ്പെടുന്ന കാസർകോട്ടെ എല്ലാ പൊതുപ്രവർത്തകർക്കും മനുവിനെ അറിയാം. അവർ എന്ത് ആവശ്യപ്പെട്ടാലും ഈ ചെറുപ്പക്കാരൻ കഴിയില്ലെന്ന് പറയാൻ അറിയുമായിരുന്നില്ല. എല്ലാവരെയും ഏത് നേരത്തും സഹായിക്കുമായിരുന്നു. എം.എൽ.എ പറഞ്ഞു.

ബാലരാമപുരം സ്വകാര്യ ഹൈസ്‌കൂളിന് സമീപത്തെ തങ്കരാജിൻ്റെയും ജയയുടെയും മകനാണ്. രേഷ്‌മയാണ് ഭാര്യ. ഒരുമാസം പ്രായമായ കുഞ്ഞുണ്ട്. വിവരമറിഞ്ഞ ഉടന്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ തിരുവനന്തപുരത്തേക്ക് പോയിരുന്നു. മനുവിൻ്റെ വീട്ടിലെത്തി അനുശോചിച്ചു. മന്ത്രിമാർ ഉൾപ്പെടെ നിരവധിപേർ അകാല വിയോഗത്തിൽ അനുശോചിച്ചു.

0Shares