
കാസർകോട്: ചീമേനി, കരിന്തളം വില്ലേജുകളിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തി അഡീ.ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്. ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ നിര്‍മിക്കുന്നതിന്ഭൂമി ഏറ്റെടുത്ത കരിന്തളം കോയിത്തട്ടയിലും ചീമേനിയിലെ നിര്‍ദിഷ്ട സോളാര്‍ പാര്‍ക്ക് പദ്ധതി പ്രദേശത്തും അദ്ദേഹം സന്ദര്‍ശനം നടത്തി.
പട്ടികവര്‍ഗ വിദ്യാര്‍ഥികളിലെ കായിക അഭിരുചി വര്‍ധിപ്പിക്കുന്നതിന് സംസ്ഥാനത്ത് ആദ്യമായി പ്രവര്‍ത്തനമാരംഭിച്ചതാണ് ഏകലവ്യ മാതൃക സഹവാസ വിദ്യാലയം(കായികം). നീലേശ്വരം ബങ്കളത്താണ് നിലവില്‍ ഏകലവ്യ എം.ആര്‍.എസ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞമാസം പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്ത പ്രവര്‍ത്തനമാരംഭിച്ച സ്‌കൂള്‍ സന്ദര്‍ശിച്ച അഡീ.ചീഫ് സെക്രട്ടറി പരിശീലകരും അധ്യാപകരും വിദ്യാര്‍ഥികളുമായി സംസാരിച്ചു.
സ്‌കൂളിനായി നിലവിലുള്ള 10 ഏക്കര്‍ സ്ഥലത്തിനു പുറമേ ആവശ്യമായ അഞ്ച് ഏക്കര്‍ സ്ഥലം കൂടി നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അഡീ.ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. നിലവിലുള്ള സ്ഥലം കാട് തെളിച്ച് അതിരടയാളങ്ങള്‍ സ്ഥാപിക്കാനും നിര്‍ദേശിച്ചു.

ചീമേനി സോളാര്‍ പാര്‍ക്ക് നിര്‍മ്മിക്കുന്ന പ്രദേശങ്ങളിലെ സ്ഥിതിഗതികളും അദ്ദേഹം വലിയിരുത്തി. നീലേശ്വരത്തെ ഇ.എം.എസ് സ്റ്റേഡിയവും അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, സബ് കളക്ടര്‍ ഡി.ആര്‍.മേഖശ്രീ, തഹസില്‍ദാര്‍ എന്‍.മണിരാജ്, റവന്യു ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.
