
തെലുങ്ക് സിനിമയിലെ താരസംഘടനയായ മൂവീ ആർട്ടിസ്റ്റ് അസോസിയേഷനിൽ (മാ) തെരഞ്ഞെടുപ്പിനിടെ സംഘർഷം. ഞായറാഴ്ച തെരഞ്ഞെടുപ്പിനിടെ വോട്ട് ചെയ്യാനായി വരി നിൽക്കവേ നടി ഹേമ, നടൻ ശിവ ബാലാജിയെ കടിച്ചതോടെയാണ് സംഘർഷമുണ്ടായത്.
പ്രകാശ് രാജും വിഷ്ണു മാഞ്ചുവും നയിക്കുന്ന സംഘങ്ങൾ തമ്മിലാണ് തെരഞ്ഞെടുപ്പിൽ പ്രശ്‌നങ്ങളുണ്ടായത്. പ്രകാശ് രാജിൻ്റെ പാനലിൽ നിന്ന് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മത്സരാർഥിയായിരുന്നു ഹേമ. ശിവ ബാലാജിയാകട്ടെ വിഷ്ണു മാഞ്ചുവിൻ്റെ പാനലിലാണ് മത്സരിച്ചത്. വോട്ട് ചെയ്യാനായി വരിയിൽ നിൽക്കുമ്പോൾ ശിവ ബാലാജിയുടെ ഇടത്‌കൈയിൽ കടിക്കുകയായിരുന്നു.

ഇതോടെയാണ് സംഘർഷമുണ്ടായത്. ഹേമ കടിക്കുന്ന വീഡിയോ വൈറലായതോടെ പ്രതികരണവുമായി നടി രംഗത്തെത്തി. ഒരാളെ അക്രമത്തിൽ നിന്ന് രക്ഷിക്കാൻ താൻ ശ്രമിക്കുമ്പോൾ ശിവ ബാലാജി തന്നെ തടഞ്ഞെന്നും അതിൻ്റെ പരിണിതഫലമായി സംഭവിച്ചതാണെന്നും ഹേമ പ്രതികരിച്ചു. തെരഞ്ഞെടുപ്പിൽ വിഷ്ണു മാഞ്ചു ജയിക്കുകയും മായുടെ പുതിയ പ്രസിഡന്റായി സ്ഥാനമേൽക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിൽ തോറ്റതോടെ പ്രകാശ് രാജ് സംഘടനയിൽ നിന്ന് രാജി വച്ചു.
