നടിയെ ആക്രമിച്ച കേസില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്; ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് മൊബൈല്‍ ഫോണില്‍ ഇന്‍സര്‍ട്ട് ചെയ്തു, കോടതികളിൽ മെമ്മറി കാര്‍ഡ് ഉപയോഗിച്ചത് അനുമതിയില്ലാതെ

  • Post category:Kerala / news
  • Reading time:2 mins read
You are currently viewing നടിയെ ആക്രമിച്ച കേസില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്; ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് മൊബൈല്‍ ഫോണില്‍ ഇന്‍സര്‍ട്ട് ചെയ്തു, കോടതികളിൽ മെമ്മറി കാര്‍ഡ് ഉപയോഗിച്ചത് അനുമതിയില്ലാതെ

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡിൻ്റെ ഫോറന്‍സിക് പരിശോധനാ ഫലം ക്രൈംബ്രാഞ്ചിന് ലഭിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് മൊബൈല്‍ ഫോണില്‍ ഇന്‍സര്‍ട്ട് ചെയ്തതായി ഫോറന്‍സിക് സയന്‍സ് ലാബ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിൻ്റെ ഹാഷ് വാല്യൂ മൂന്നു തവണ മാറിയിട്ടുണ്ട്. കോടതിയുടെ കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങള്‍ ആക്‌സസ് ചെയ്തതിൻ്റെ തെളിവാണിതെന്ന് എഫ്‌.എസ്‌.എല്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആദ്യം അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലും പിന്നീട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലും മെമ്മറി കാര്‍ഡ് ആക്‌സസ് ചെയ്തു. ഒടുവിലാണ് വിചാരണ കോടതിയില്‍ മെമ്മറി കാര്‍ഡ് തുറന്ന് ദൃശ്യങ്ങള്‍ കണ്ടത്.

മൂന്ന് കോടതിയിലും അനുമതിയില്ലാതെയാണ് ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡ് ആക്സസ് ചെയ്തതെന്നും എഫ്‌.എസ്‌.എല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ദൃശ്യങ്ങള്‍ പ്ലേ ചെയ്ത കംപ്യൂട്ടറിൻ്റെയും മൊബൈല്‍ ഫോണിൻ്റെയും വിവരങ്ങള്‍ ഫോറന്‍സിക് റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി അന്വേഷണ സംഘം ഉടന്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യും. വിചാരണ കോടതി കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങള്‍ കണ്ടത് മൊബൈല്‍ ഫോണിലാണെന്നും എഫ്‌.എസ്‌.എല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.

മൂന്നുതവണ മെമ്മറി കാര്‍ഡ് ആക്‌സസ് ചെയ്ത കമ്പ്യുട്ടറുകളുടെ ഐ.പി അഡ്രസ്സും മൊബൈല്‍ ഫോണിൻ്റെ ഐ.എം.ഇ.ഐ നമ്പറും റിപ്പോര്‍ട്ടിലുണ്ട്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലും രാത്രിയാണ് ദൃശ്യങ്ങള്‍ ആക്‌സസ് ചെയ്യപ്പെട്ടത്. എഫ്.എസ്‌.എല്‍ റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷം കോടതി ജീവനക്കാരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. ഫോറന്‍സിക് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി അന്വേഷണം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഉടന്‍ ഹൈക്കോടതിയെ സമീപിക്കും.

പള്‍സര്‍ സുനിയില്‍ നിന്ന് പിടിച്ചെടുത്ത മെമ്മറി കാര്‍ഡ് വിചാരണ കോടതിയിലും ജില്ലാ കോടതിയിലും അനുമതിയോടെ പരിശോധിക്കപ്പെട്ടു എങ്കിലും ജില്ലാ കോടതിയില്‍ അത്തരത്തില്‍ അനുമതികളൊന്നും നല്‍കിയില്ല എന്നതാണ് ശ്രദ്ധേയം. ഇത് സംബന്ധിച്ചാകും ക്രൈംബ്രാഞ്ചിൻ്റെ അന്വേഷണം. ഇതിൻ്റെ വസ്തുത മനസ്സില്ലാക്കാന്‍ കോടതി തന്നെ മുന്‍കൈയെടുക്കുമെന്നും ക്രൈംബ്രാഞ്ച് പ്രതീക്ഷിക്കുന്നു.

2020 ജനുവരി 29ന് കേന്ദ്ര ഫോറന്‍സിക് ലാബ് നല്‍കിയ റിപ്പോര്‍ട്ടും കേസിലെ തുടരന്വേഷണത്തിന് ഇടയാക്കിയ വെളിപ്പെടുത്തലുമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്ന പ്രോസിക്യൂഷൻ്റെ സംശയം ബലപ്പെടുത്തിയത്. മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ആവശ്യം വിചാരണ കോടതി നിരസിച്ചതിനെ തുടര്‍ന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

0Shares