Categories
Kerala news

വിപണന മൂല്യമുള്ള നടനാണ് തറയില്‍ കിടക്കുന്നതായി അവര്‍ കണ്ടത്; കൊടുത്തത് ഒരു പായയും ഡോക്ടര്‍ സഹായവും, ആര്‍.ശ്രീലേഖയ്ക്ക് പിന്തുണയുമായി ശാന്തിവിള ദിനേശ്

മെസേജുകള്‍ തന്നെ മോശക്കാരനാക്കുന്നതിന് വേണ്ടി പുറത്ത് വിടുമെന്ന് ദിലീപ് പറഞ്ഞത് സത്യമല്ലേ: ശാന്തിവിള

തിരുവനന്തപുരം: മുന്‍ ഡി.ജി.പി ആര്‍ ശ്രീലേഖയും നടന്‍ ദിലീപും തമ്മില്‍ വര്‍ഷങ്ങളുടെ ബന്ധമുണ്ടെന്ന ചാനല്‍ വാര്‍ത്തയ്ക്കെതിരെ സംവിധായകന്‍ ശാന്തിവിള ദിനേശ്. ‘മാഡം ഞാന്‍ ദിലീപാണെന്നും പറഞ്ഞുകൊണ്ട് ദിലീപ് ശ്രീലേഖയ്ക്ക് ഒരു മെസജ് ഇട്ടിരിക്കുന്നു. അങ്ങനെ ഒരു മെസേജ് 2021 ല്‍ ഇടണമെങ്കില്‍ അതിന് മുമ്പ് അവരെ ദിലീപിന് പരിചയമുണ്ടോ? ഞാന്‍ സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി എൻ്റെ പ്രോഗ്രാമുകള്‍ കാണണം എന്ന ഒരു മെസേജ് അവരും തിരികെ ഇട്ടിട്ടുണ്ട്. ഇതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ വാര്‍ത്ത.’

‘ഈ വാര്‍ത്ത ആ ചാനലിന് എങ്ങനെ കിട്ടി. ദിലീപിൻ്റെയോ ശ്രീലേഖ മാഡത്തിൻ്റെയോ അനുവാദത്തോടെ ആണോ നിങ്ങള്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

ഒരാളുടെ സ്വകാര്യ ജീവിതത്തിലേക്കുള്ള കടന്ന് കയറ്റമല്ലേ ഇത്. തൻ്റെ വീട്ടില്‍ നിന്നും പൊലീസ് എടുത്തുകൊണ്ട പോയ മെസേജുകള്‍ തന്നെ മോശക്കാരനാക്കുന്നതിന് വേണ്ടി പുറത്ത് വിടുമെന്ന് ദിലീപ് പറഞ്ഞത് സത്യമല്ലേ’ എന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നു.

അതേസമയം, ശ്രീലേഖയ്ക്കെതിരെ ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് ജയിലില്‍ കിടക്കുമ്പോള്‍ അദ്ദേഹത്തിന് അന്നത്തെ ജയില്‍ ഡി.ജി.പി ആര്‍.ശ്രീലേഖ ചെയ്തുകൊടുത്ത കാര്യങ്ങളെല്ലാം ഔദ്യോഗികം ആയിരുന്നുവെന്ന് ശാന്തിവിള ദിനേശ് പറഞ്ഞു.

ദിലീപിന് ഇയര്‍ ബാലന്‍സിൻ്റെ ബുദ്ധിമുട്ട് ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ ഡോക്ടറെ കാണാനുള്ള കുറച്ച്‌ സഹായങ്ങള്‍ നല്‍കുകയാണ് അവര്‍ ചെയ്തത്. കിടക്ക, പുതപ്പ്, കുടിക്കാനൊരു കരിക്ക് എന്നിവയൊക്കെ കൊടുത്തതാണ് അവര് ചെയ്ത ഏറ്റവും വലിയ ക്രൂരതയെന്നോണം ചില മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നത്.

‘ദിലീപിന് എസി റൂം കൊടുത്തെന്നാണ് പറയുന്നത്. എന്നാല്‍, അവര്‍ തന്നെ പറയുന്നുണ്ട് ജയിലില്‍ എ.സി റൂം ഇല്ലെന്നുള്ളത്’ – ശാന്തിവിള ദിനേശ് വ്യക്തമാക്കുന്നു. സ്വന്തം യൂട്യൂബ് ചാനലായ ലൈറ്റ് ആക്ഷന്‍ ക്യാമറയിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, ദിലീപിൻ്റെ കാര്യം പോയി അന്വേഷിച്ചു എന്നുള്ളത് ശരിയാണെന്ന് ശ്രീലേഖ തന്നെ വ്യക്തമാക്കുന്നുണ്ട്.

‘അഞ്ച് പേരില്‍ ഒരാളായി മലയാളത്തിൻ്റെ സൂപ്പര്‍ താരമായിരുന്ന ആ ചെറുപ്പക്കാരന്‍ നിലത്ത് കിടക്കുന്നതാണ് ഞാന്‍ കണ്ടത്. അയാളെ പിടിച്ച്‌ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോള്‍, എഴുന്നേല്‍ക്കാനോ സംസാരിക്കാനോ വയ്യാതെ കുഴഞ്ഞ് വീഴുകയാണ്. അതോടെയാണ് ചില സഹായങ്ങള്‍ ചെയ്തത്’-എന്നും ശ്രീലേഖ പറഞ്ഞതായി ശാന്തിവിള ദിനേശ് വ്യക്തമാക്കുന്നു. അവര് നോക്കുമ്പോള്‍ മലയാള സിനിമ കണ്ട ഏറ്റവും വിപണന മൂല്യമുള്ള ഒരു നടന്‍ നിലത്ത് കിടക്കുകയാണ്. അയാള്‍ക്ക് എഴുന്നേല്‍ക്കാന്‍ സാധിക്കുന്നില്ല, ചര്‍ദ്ദിക്കുന്നു.

ചിത്രം: സാങ്കല്പികം

അങ്ങനെയുള്ള ഒരാള്‍ക്ക് ചികിത്സ കൊടുത്തതിനെ പറ്റിയാണ് ദിലീപിൻ്റെ പുക കാണാന്‍ നടക്കുന്നയാളുകള്‍ അയാള്‍ എ.സി റുമും സദ്യയുമൊക്കെ കൊടുത്തെന്ന പ്രചരണം നടത്തുന്നത്. ഇങ്ങനെയുള്ള ദ്രോഹികളുടെ നാക്ക് പുഴുത്ത് പോവില്ലേ. എത്ര ശത്രുതയുണ്ടെങ്കിലും ഒരു മനുഷ്യനേക്കുറിച്ചും ഇങ്ങനെ കള്ളങ്ങള്‍ പറയരുത്. ആലുവ സബ് ജയിലില്‍ ഒറ്റമുറിയില്ലെന്നും ആളിന് അസുഖം ഉണ്ടായിരുന്നുവെന്നും ഡി.ജി.പി തുറന്ന് പറയുന്നുണ്ട്. ഒരു പായയും പഞ്ഞി മെത്തയും കരിക്കും കൊടുക്കാന്‍ അവര്‍ പറഞ്ഞു.

അതേ തുടര്‍ന്ന്, കൈക്കൂലി വാങ്ങുന്നവള്‍ ശുപാര്‍ശ കേള്‍ക്കുന്നവര്‍ എന്നൊക്കെയുള്ള പഴി അവര്‍ക്ക് കേള്‍ക്കേണ്ടി വന്നതായും ശ്രീലേഖയുടെ വാക്കുകള്‍ തന്നെ ഉദ്ധരിച്ചുകൊണ്ട് ശാന്തിവിള അഭിപ്രായപ്പെടുന്നു. പക്ഷെ അവര്‍ ചെയ്തതെല്ലാം ഔദ്യോഗികമാണ്.

ദിലീപിനെ കണ്ടതിന് ശേഷം തിരുവനന്തപുരത്ത് എത്തിയ അവര്‍ ആദ്യം ചെയ്തത് പൊലീസ് മേധാവിയെ കണ്ട് ആലുവ ജയിലിലെ അദ്ദേഹത്തിൻ്റെ അവസ്ഥയെ കുറിച്ച്‌ സംസാരിക്കുകയായിരുന്നു. മുഖ്യമന്ത്രിയെ കണ്ടും അവര്‍ അഭിപ്രായം അറിയിച്ചു. അല്ലാതെ, ഇതൊന്നും രഹസ്യമായി വെച്ചില്ല. അതിലപ്പുറം ഈ കുരയ്ക്കുന്നവര്‍ക്കെല്ലാം അവര്‍ മറുപടി കൊടുക്കേണ്ട ആവശ്യം ഇല്ലല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest