
മംഗളൂരുവിൽ കോളേജ് വിദ്യാർത്ഥിനികൾക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ മലയാളി യുവാവ് പിടിയിൽ. എം.ബി.എ വിദ്യാർത്ഥി അഭിൻ (23) ആണ് പിടിയിലായത്. പരീക്ഷാ ഹാളിൽ പ്രവേശിക്കാൻ ഒരുങ്ങിയ മൂന്ന് പെൺകുട്ടികൾക്ക് നേരെയാണ് ഇയാൾ ആസിഡ് ഒഴിച്ചത്. ഗുരുതരാവസ്ഥയിൽ കഡാബ ഗവൺമെണ്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂവരെയും വിദഗ്‌ധ ചികിത്സയ്ക്കായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ദക്ഷിണ കന്നഡ ജില്ലയിലെ കഡാബ ഗവ. കോളേജിലാണ് മൂന്ന് വിദ്യാർത്ഥിനികൾ ആക്രമിക്കപ്പെട്ടത്. പ്രണയം നിരസിച്ചതിനാണ് ആക്രമണമെന്ന് പൊലീസ് വെളിപ്പെടുത്തി. അലീന, അർച്ചന, അമൃത എന്നീ വിദ്യാർത്ഥിനികളാണ് ആക്രമിക്കപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.

കൂട്ടത്തിൽ ഒരു പെൺകുട്ടിയെയാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നതെന്നാണ് വിവരം.
ആക്രമണത്തിന് ഇരയായ പെൺകുട്ടികളും മലയാളികളാണെന്നാണ് സൂചനയുണ്ട്. ആക്രമണത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച അഭിനെ വിദ്യാർത്ഥികളും കോളേജ് അധികൃതരും ചേർന്ന് തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
കോളേജിൻ്റെ ബാൽക്കണിയിൽ ഇരുന്ന് പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു ഈ വിദ്യാർത്ഥിനികൾ. ഇവർ പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പാണ് യുവാവ് ആസിഡ് ആക്രമണം നടത്തിയത്. ഗുരുതരമായി പരുക്കേറ്റ മൂന്നുപേരെയും ആശുപത്രിയിലേക്ക് മാറ്റി. മാസ്‌കും തൊപ്പിയും ധരിച്ചെത്തിയാണ് അഭിൻ ആക്രമണം നടത്തിയത്.
