വ്യാജരേഖാ കേസ്; വിദ്യ മാത്രം പ്രതി, കുറ്റപത്രം കോടതിയിൽ സമര്‍പ്പിച്ചു, മൊബൈല്‍ ഫോണില്‍ സ്വന്തമായാണ് രേഖ ഉണ്ടാക്കിയതെന്നും ഒറിജിനല്‍ നശിപ്പിച്ചു എന്നുള്ള വിദ്യയുടെ മൊഴി ശരിയെന്ന് കുറ്റപത്രത്തില്‍

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing വ്യാജരേഖാ കേസ്; വിദ്യ മാത്രം പ്രതി, കുറ്റപത്രം കോടതിയിൽ സമര്‍പ്പിച്ചു, മൊബൈല്‍ ഫോണില്‍ സ്വന്തമായാണ് രേഖ ഉണ്ടാക്കിയതെന്നും ഒറിജിനല്‍ നശിപ്പിച്ചു എന്നുള്ള വിദ്യയുടെ മൊഴി ശരിയെന്ന് കുറ്റപത്രത്തില്‍

കാസര്‍കോട്: കരിന്തളം ഗവ. കോളേജിലെ വ്യാജരേഖ കേസില്‍ നീലേശ്വരം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എസ്.എഫ്.ഐ മുന്‍ നേതാവ് കെ.വിദ്യ മാത്രമാണ് കേസിലെ പ്രതി. അധ്യാപക നിയമനത്തിനായി വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് സമര്‍പ്പിച്ചു എന്നാണ് കുറ്റപത്രം. മഹാരാജാസ് കോളേജിൻ്റെ പേരിലുള്ള വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഒരു വര്‍ഷം കരിന്തളം ഗവ. കോളേജില്‍ വിദ്യ ജോലി ചെയ്‌തിരുന്നു.

ഈ കേസിലാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നീലേശ്വരം പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. വിദ്യ മാത്രമാണ് പ്രതിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. വ്യാജരേഖ നിര്‍മ്മിക്കാന്‍ മറ്റാരുടെയും സഹായം ലഭിച്ചില്ലെന്നും കുറ്റപത്രത്തിലുണ്ട്.

തൻ്റെ മൊബൈല്‍ ഫോണില്‍ സ്വന്തമായാണ് രേഖ ഉണ്ടാക്കിയതെന്നും ഇതിൻ്റെ ഒറിജിനല്‍ നശിപ്പിച്ചു എന്നുമുള്ള വിദ്യയുടെ മൊഴി ശരിയാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

വ്യാജരേഖ നിര്‍മ്മിക്കല്‍, വ്യാജരേഖ സമര്‍പ്പിക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് വിദ്യക്കെതിരെ ചുമത്തിയിരിക്കുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സര്‍ക്കാര്‍ ശമ്പളം കൈപറ്റിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കരിന്തളം ഗവ. കോളേജില്‍ ഗസ്റ്റ് ലക്‌ചറൽ ജോലി നേടാന്‍ വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതിന് ജൂണ്‍ 27നാണ് കെ.വിദ്യ അറസ്റ്റിലാകുന്നത്.

നേരത്തെ അന്വേഷണം പൂര്‍ത്തിയായെങ്കിലും കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുകയായിരുന്നു. മണ്ണാര്‍ക്കാട് കോടതിയില്‍ നിന്ന് ചില ശാസ്ത്രീയ തെളിവുകളുടെ സര്‍ട്ടിഫൈഡ് കോപ്പികള്‍ ലഭിക്കാനുള്ള കാലതാമസം മൂലമാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതെന്നാണ് അന്വേഷണ സംഘം പറയുന്നത്.

0Shares