
കാഞ്ഞങ്ങാട് / കാസർകോട്: സോഷ്യൽ മീഡിയയിലൂടെയുള്ള സൈബർ ആക്രമണത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്‌ത കേസിലെ പ്രതിയെ കാഞ്ഞങ്ങാട്ടെ ലോഡ്‌ജിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോതനല്ലൂർ മുണ്ടയ്‌ക്കൽ അരുൺ വിദ്യാധരനെ (32) ആണ് നോർത്ത് കോട്ടച്ചേരിയിലെ അപ്‌സര ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടത്. മെയ് രണ്ടിനാണ് രാജേഷ് കുമാർ എന്ന വ്യാജ പേരിലാണ് ഇയാൾ മുറിയെടുത്തത്. ഇതോടെ സൈബർ പ്രശ്നത്തെ തുടർന്ന് ആദ്യം യുവതിയും പിന്നീട് യുവാവും മരണപ്പെട്ടു.
ആദ്യം ഒരു ദിവസത്തേക്കാണ് മുറിയെടുത്തത്. പിന്നീട് ഒരു ദിവസം കൂടി ആവശ്യപ്പെട്ടു. വ്യാഴാഴ്‌ച രാവിലെ മുറി തുറക്കാതിരുന്നതോടെ ലോഡ്‌ജ് ജീവനക്കാരൻ ജനൽ വഴി നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ പൊലീസിൽ വിവരമറിയിച്ചു. മൃതദേഹം പൊലീസ് പരിശോധിച്ചപ്പോൾ കൈഞരമ്പ് മുറിച്ച ശേഷമാണ് തൂങ്ങിയതെന്ന് കണ്ടെത്തിയത്.

കാണാതായ പ്രതിക്കായി തമിഴ്‌നാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കടുത്തുരുത്തി പോലീസ് അന്വേഷണം നടത്തിയിരുന്നു. തുടർന്ന് പൊതുജനങ്ങളുടെ സഹായം കൂടി ആവശ്യമായി വന്നതോടെ കഴിഞ്ഞ ദിവസം പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.
മുറിയിൽ നിന്ന് വോട്ടർ ഐ.ഡി, ഡ്രൈവിംഗ് ലൈസൻസ് പകർപ്പ് എന്നിവ കിട്ടിയതോടെയാണ് തൂങ്ങി മരിച്ചത് പൊലീസ് അന്വേഷിക്കുന്ന കടുത്തുരുത്തിയിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞത്. അരുണിൻ്റെ ബന്ധുക്കളും കടുത്തുരുത്തി പൊലീസും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം തിരിച്ചറിഞ്ഞ ശേഷം വിദഗ്‌ധ പോസ്റ്റ് മോർട്ടം ചെയ്യും.
