സി.ഐ.ടി.യു ഫണ്ട് തട്ടിപ്പ് കേസിൽ പ്രതി അഖിൽ സജീവൻ അറസ്റ്റിൽ; ആരോഗ്യ വകുപ്പിൽ നിയമനം നൽകാമെന്ന് വാഗ്‌ദാനം നൽകി പണം വാങ്ങിയതും അന്വേഷിക്കും

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing സി.ഐ.ടി.യു ഫണ്ട് തട്ടിപ്പ് കേസിൽ പ്രതി അഖിൽ സജീവൻ അറസ്റ്റിൽ; ആരോഗ്യ വകുപ്പിൽ നിയമനം നൽകാമെന്ന് വാഗ്‌ദാനം നൽകി പണം വാങ്ങിയതും അന്വേഷിക്കും

പത്തനംതിട്ട: ആരോഗ്യ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ അഖിൽ സജീവൻ അറസ്റ്റിലായി. 2021ലെ സി.ഐ.ടി.യു ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്‌ച പുലർച്ചെ തേനിയിൽ വെച്ചാണ് അഖിൽ സജീവനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ പത്തനംതിട്ടയിലേക്ക് കൊണ്ടു വന്നിട്ടുണ്ട്. അഖിൽ സജീവിനെ ഡി.വൈ.എസ്.പി നന്ദകുമാറിന്‍റെ നേതൃത്വത്തിൽ പൊലീസ് ചോദ്യം ചെയ്‌തു.

മരുകമൾക്ക് ആരോഗ്യ വകുപ്പിൽ നിയമനം നൽകാമെന്ന് വാഗ്ദാനം നൽകി മലപ്പുറം സ്വദേശിയായ ഹരിദാസൻ എന്നയാളിൽനിന്ന് ഒരു ലക്ഷത്തിലേറെ രൂപ അഖിൽ സജീവൻ വാങ്ങി ആരോഗ്യ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗമായ അഖിൽ മാത്യുവിന് കൈമാറിയെന്ന ആരോപണം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. തട്ടിപ്പിലെ മുഖ്യ സൂത്രധാരൻ അഖിൽ സജീവൻ ആണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.

ഒളിവിൽ പോയ അഖിൽ സജീവനെ കണ്ടെത്താൻ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയായിരുന്നു. അഖിൽ സജീവൻ സംസ്ഥാനം വിട്ടെന്ന വിവരം നേരത്തെ തന്നെ പൊലീസിന് ലഭിച്ചിരുന്നു. ഇതേത്തുടർന്ന് പ്രത്യേക സംഘങ്ങളായി ചെന്നൈയിലും ബംഗളുരുവിലും ഉൾപ്പടെ അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടെയാണ് തേനിയിൽ നിന്ന് പ്രതി പിടിയിലായത്.

അഖിൽ സജീവ് നേരത്തെയും തട്ടിപ്പ് നടത്തിയിരുന്നതായി വ്യക്തമായിട്ടുണ്ട്. സി.ഐ.ടി.യു പത്തനംതിട്ട ഓഫീസ് സെക്രട്ടറിയായിരുന്ന ഇയാളെ ഫണ്ട് തിരിമറിയെ തുടർന്ന് പുറത്താക്കിയിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ നിയമനം നൽകാമെന്ന് പറഞ്ഞും ഇയാൾ തട്ടിപ്പ് നടത്തിയെന്ന വിവരം പുറത്തുവന്നിട്ടുണ്ട്.

0Shares