
പത്തനംതിട്ട: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ മരിച്ചു. പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിലെ സി.പി.ഒയും പന്തളം കുളനട തണങ്ങാട്ടില്‍ വീട്ടില്‍ സിന്‍സി പി.അസീസാണ് (35) മരിച്ചത്. ഇക്കഴിഞ്ഞ പതിനൊന്നിന് കിടങ്ങന്നൂരിന് സമീപത്തുവച്ച് അമിത വേഗത്തിൽ എത്തിയ കാര്‍ സിന്‍സി ഓടിച്ചിരുന്ന സ്‌കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

വൈകുന്നേരം മൂന്നരയോടെയുണ്ടായ അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് റോഡില്‍ കിടന്ന സിന്‍സിയെ ആശുപത്രിയിലെത്തിച്ചത് ഏറെ വൈകിയാണ്. വിവരമറിഞ്ഞ് ഇലവുതിട്ട പൊലീസ് സ്റ്റേഷനില്‍ നിന്ന് പൊലീസുകാർ എത്തിയാണ് സിന്‍സിയെ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും ശരീരത്തില്‍ നിന്ന് ഏറെ രക്തം നഷ്ടമായിരുന്നു. തലയ്‌ക്കേറ്റ പരിക്കായിരുന്നു മരണ കാരണം.
സിന്‍സിയെ ആദ്യം കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. സിന്‍സി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സെല്‍ഫ് ഡിഫന്‍സ് പരിശീലനം നല്‍കുന്ന ചുമതല വഹിക്കുകയായിരുന്നു.
