
അബുദാബി: കോവിഡ്- 19 വൈറസ് ബാധ പടരുമ്പോഴും അബുദാബി കാസ്രോട്ടാർ കൂട്ടായ്മ വ്യത്യസ്തരാവുകയാണ്. ജീവൻ രക്ഷിച്ചെടുക്കാൻ രക്തദാന ക്യാമ്പ് നടത്തിയാണ് ഒരുകൂട്ടം ചെറുപ്പക്കാർ മാതൃകയായത്. രക്തദാന സേവനത്തിലൂടെ അബുദാബി ഹെൽത്ത് അതോറിറ്റിയുടെ അംഗീകാരം നേടിയ കൂട്ടായ്‌മയാണ് അബുദാബിയിലെ കാസ്രോട്ടാർ കൂട്ടായ്മ.

അബുദാബി നഗരത്തിലെ തിരക്കേറിയ മദീനാ സായിദ് ഷോപ്പിംഗ് കോംപ്ലക്സിന് മുൻവശത്തായിരുന്നു കഴിഞ്ഞ ദിവസത്തെ ക്യാമ്പ്. സ്വദേശികളും വിദേശികളും ഉള്‍പ്പെടെ വിവിധ രാജ്യക്കാരായ നൂറോളം പേർ ക്യാമ്പിലെത്തി രക്തം ദാനം ചെയ്തു. ബ്ലഡ് ബാങ്കിൽ രക്തക്കുറവ് അനുഭവപെട്ടപ്പോൾ നേരത്തെ നിരവധി തവണ രക്തദാന ക്യാമ്പ് നടത്തിയിട്ടുണ്ട് ഈ കൂട്ടായ്മ. അതുകൊണ്ട്തന്നെ ഇത്തവണയും ഹെൽത്ത് അതോറിറ്റി കാസ്രോട്ടാർ കൂട്ടായ്മയുടെ സഹായം തേടുകയായിരുന്നു.

കാസ്രോട്ടാർ കൂട്ടായ്മ പ്രതിനിധികളായ മുഹമ്മദ് ആലംപാടി, തസ്ലീം ആരിക്കാടി, ഗരീബ് നവാസ്, സാബിർ ജെർമൻ, സവാദ് ബന്തിയോട്, മുഹസിൻ മുഹമ്മദ്, ഹനീഫ് എരിയാൽ, ആസിഫലി പാടലടുക്ക, റാഷിദ് ബേവിഞ്ച, സൈദ് എ. മൊഗ്രാൽ, സി.എച്ച് അഷറഫ്, പി.കെ അഷറഫ് പള്ളങ്കോട്, അനീസ് മാങ്ങാട്, റഫീഖ് കുമ്പള തുടങ്ങി നിരവധി പേർ സംബന്ധിച്ചു.
