
കൊല്ലം: ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേൽ സാറയെ 21 മണിക്കൂറിന് ശേഷം കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കാറിലെത്തിയവര്‍ കുട്ടിയെ മൈതാനത്ത് ഇറക്കിനിര്‍ത്തിയ ശേഷം വേഗത്തില്‍ തിരികെ കയറി ഓടിച്ചുപോയെന്ന് കുട്ടിയെ ആദ്യം കണ്ടവര്‍ പറഞ്ഞു. ഒപ്പമുണ്ടായിരുന്നത് ഒരു സ്ത്രീയാണെന്നും ഇവര്‍ വ്യക്തമാക്കി.
കുഞ്ഞിനെ കണ്ടപ്പോള്‍ തന്നെ ചിത്രങ്ങളില്‍ കണ്ട കുട്ടിയാണെന്ന സംശയം വന്നിരുന്നു. രക്ഷിതാക്കളുടെ ഫോട്ടോ കുഞ്ഞിനെ കാണിച്ച് അബിഗേല്‍ തന്നെയെന്ന് ഉറപ്പുവരുത്തി. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. രണ്ടുതവണ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ട സംഘം ചൊവാഴ്‌ച കുടുംബത്തെ ബന്ധപ്പെടുകയും ചെയ്‌തിട്ടില്ല. നാടെങ്ങും വലവിരിച്ച് അന്വേഷണം തുടങ്ങിയതോടെ മറ്റു മാര്‍ഗങ്ങളില്ലാതെ കുഞ്ഞിനെ ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം.

തിങ്കളാഴ്‌ച വൈകീട്ട് നാലരക്കാണ് ട്യൂഷന് പോകും വഴി സഹോദരന് മുന്നിൽ വെച്ചാണ് അറുവയസുകാരി അബിഗേൽ സാറയെ വെള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടു പോയത്. കുട്ടി സുരക്ഷിതയാണെന്നും അഞ്ച് ലക്ഷം രൂപ നൽകിയാൽ മോചിപ്പിക്കാമെന്നും അറിയിച്ചു അമ്മയുടെ ഫോണിലേക്ക് സന്ദേശം എത്തിയിരുന്നു. ഇതിന് പിന്നാലെ കുട്ടിയെ വിട്ടുനൽകാൻ 10 ലക്ഷം രൂപ മോചനദ്രവ്യം വേണമെന്ന് ആവശ്യപ്പെട്ടും സന്ദേശമെത്തിയിരുന്നു.
രാത്രിയിൽ ഉടനീളം പൊലീസും നാട്ടുകാരും വ്യാപക അന്വേഷണം നടത്തിയെങ്കിലും കാര്യമായ ഒരു വിവരവും ലഭിച്ചിരുന്നില്ല. പാരിപ്പള്ളിയിലെ കടയിലെത്തി ഫോൺ ചെയ്‌ത സംഘത്തിലെ ഒരാളുടെ രേഖാചിത്രം തയ്യാറാക്കി പൊലീസ് പുറത്തുവിട്ടിരുന്നു. ഇത് കേന്ദ്രീകരിച്ചും അന്വേഷണം നടന്നു വരികയായിരുന്നു.
അതിനിടെ തിരുവനന്തപുരത്തെ ഒരു കാർ വാഷിങ് കേന്ദ്രത്തിൽ പൊലീസ് പരിശോധന നടത്തുകയും രണ്ടുപേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്‌തിരുന്നു. ഇവരെ ചോദ്യം ചെയ്‌തശേഷം വിട്ടയച്ചു. കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് കരുതുന്ന സംഘം കോട്ടയം ജില്ലയിലെ പുതുവേലിയിൽ എത്തിയെന്ന സംശയത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ്, കുട്ടിയെ കണ്ടെത്തിയെന്ന വിവരം പുറത്തു വരുന്നത്.
