
അഭിമന്യു കേസിലെ കുറ്റപത്രം കാണാതായ സംഭവം പുറത്തറിഞ്ഞത് എൻ.ഐ.എ എത്തിയപ്പോൾ. പോപ്പുലർ ഫ്രണ്ടുമായി വിവരം തേടി എൻ.ഐ.എ സംഘം കോടതിയിൽ എത്തിയപ്പോഴാണ് കേസുമായി ബന്ധപ്പെട്ട പതിനൊന്ന് രേഖകൾ നഷ്ടമായ വിവരം പുറത്തറിയുന്നത്. പോസ്റ്റുമോർട്ടം സർട്ടിഫിക്കറ്റ്, കുറ്റപത്രം എന്നിവ അടക്കമാണ് 11 രേഖകൾ കാണാതായത്.
രേഖകൾ നഷ്ടമായ സാഹചര്യത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു. സെഷൻ കോടതിയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റും സെക്രട്ടറിയും ആവശ്യപ്പെട്ടു. പുറത്തുവരുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്.
സംഭവം ഹൈക്കോടതി ചീഫ് ജസ്റ്റിസ് നേരിട്ട് അന്വേഷിക്കണം. കൃത്യവിലോപം കാണിച്ച എറണാകുളം സെഷൻസ് കോടതിയിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.

മൂന്ന് മാസം മുമ്പാണ് ഇവ കാണാതാകുന്നത്. എന്നാൽ വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിടാതെ സംഭവം ഹൈക്കോടതിയെ അറിയിക്കുക മാത്രമാണ് സെഷൻസ് കോടതി ചെയ്‌തത്. രേഖകൾ കാണാതായത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അന്വേഷിക്കണമെന്ന നിലപാടിലാണ് എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം.
സംഭവം ഞെട്ടിക്കുന്നതാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ പ്രതികരിച്ചു. ‘അഭിമന്യു വധക്കേസ് അട്ടിമറിക്കുന്നതിന് വേണ്ടി പോപ്പുലർ ഫ്രണ്ട് മതതീവ്രവാദികളുടെ ഏജന്റുമാരായി കോടതിയിൽ പ്രവർത്തിച്ചതാര് എന്നതിനെ സംബന്ധിച്ച് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് തന്നെ നേരിട്ട് അന്വേഷിക്കണം.
കൃത്യവിലോപം കാണിച്ച എറണാകുളം സെഷൻസ് കോടതിയിലെ മുഴുവൻ ഉദ്യോഗസ്ഥർക്കും എതിരെ ഉടൻ നടപടി സ്വീകരിക്കണം. കേസിൻ്റെ നഷ്ടപ്പെട്ട രേഖകളെല്ലാം തിരിച്ചുപിടിച്ച് അഭിമന്യു വധക്കേസിലെ വിചാരണ നടപടികൾ ഉടൻ ആരംഭിക്കണം’. എസ്എഫ്‌ഐ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ പറഞ്ഞു. അഭിമന്യു കൊല്ലപ്പെട്ട് ഇത്രയും നാൾ കഴിഞ്ഞിട്ടും അതിൻ്റെ ഉള്ളറകളെ കുറിച്ച് അന്വേഷണം ഉണ്ടായിട്ടില്ല. വലിയ സത്യങ്ങൾ പുറത്തു വരാനുണ്ട്.
രേഖകൾ കാണാതായത് സി.പി.ഐ.എമ്മിൻ്റെ പൂർണ അറിവോടെ. അഭിമന്യു കേസ് അട്ടിമറിക്കുക എന്നത് സി.പി.ഐ.എം അജണ്ട. ഇരയോടൊപ്പവും വേട്ടക്കാരനോടൊപ്പവും പോകുന്ന സമീപനമാണ് തുടക്കം മുതൽ സി.പി.ഐ.എം സ്വീകരിച്ചത് എന്നും അലോഷ്യസ് സേവ്യർ ആരോപിച്ചു.
