പതിനഞ്ചു വർഷത്തെ ബി.ജെ.പി ഭരണത്തിന് അന്ത്യം; ആം ആദ്മി ഡൽഹി കോർപറേഷൻ പിടിച്ചു, കോൺഗ്രസ് തീർന്നു

  • Post category:national / news
  • Reading time:1 min read
You are currently viewing പതിനഞ്ചു വർഷത്തെ ബി.ജെ.പി ഭരണത്തിന് അന്ത്യം; ആം ആദ്മി ഡൽഹി കോർപറേഷൻ പിടിച്ചു, കോൺഗ്രസ് തീർന്നു

ന്യൂഡൽഹി: ചരിത്രത്തിൽ ആദ്യമായി ഡൽഹി മുൻസിപ്പൽ കോർപറേഷൻ ഭരണം പിടിച്ച് ആം ആദ്മി പാർട്ടി. ആപ്പിൻ്റെ മുന്നേറ്റത്തിൽ പതിനഞ്ചു വർഷമായി മുൻസിപ്പൽ കോർപറേഷൻ ഭരിച്ച ബി.ജെ.പിയ്ക്ക് അടിതെറ്റി. 250 വാർഡുകളിൽ 134 ൽ ആം ആദ്മി പാർട്ടി വിജയിച്ചപ്പോൾ ബി.ജെ.പിയ്ക്ക് നേടാനായത് 103 വാർഡുകളാണ്. അമ്പേ തകർന്നടിഞ്ഞ കോൺഗ്രസിന് 10 വാർഡുകൾ മാത്രമാണ് സ്വന്തമാക്കാനായത്.

ഡൽഹിയ്‌ക്കൊപ്പം ഇനി ഡൽഹി മുൻസിപ്പൽ കോർപറേഷനും ആം ആദ്മി പാർട്ടി ഭരിക്കും. കെജ്രിവാളിൻ്റെയും സംഘത്തിൻ്റെയും മുന്നേറ്റത്തിൽ ബി.ജെ.പിയ്ക്കും കോൺഗ്രസിനും ഉണ്ടായത് കനത്ത തിരിച്ചടി. 2007 മുതൽ കൈവശമുള്ള മുൻസിപ്പൽ കോർപറേഷൻ ബി.ജെ.പിയ്ക്ക് നഷ്ടപെട്ടു. വോട്ടെണ്ണലിൻ്റെ ആദ്യ ഘട്ടത്തിൽ ആം ആദ്മിയും ബി.ജെ.പിയും ഒപ്പത്തിന് ഒപ്പമായിരുന്നുവെങ്കിൽ വോട്ടെണ്ണൽ പുരോഗമിക്കും തോറും കെജ്‌രിവാളും കൂട്ടരും ലീഡ് ഉയർത്തി.

ബി.ജെ.പി കോട്ടപോലെ കാത്ത പല വാർഡുകളും ആം ആദ്മിയുടെ ജൈത്രയാത്രയിൽ വീണു. കൗൺസിലർമാരുടെ എണ്ണം രണ്ടക്കം തികയ്ക്കാൻ ആകാതെ കോൺഗ്രസ് നിലംപരിശായി. ഡൽഹിയിലെ വോട്ടർമാർ വെറുപ്പിൻ്റെ രാഷ്ട്രീയം ഇഷ്ടപ്പെടുന്നില്ലെന്നും അടിസ്ഥാന സൗകര്യം ഒരുക്കിയവർക്കാണ് അവർ വോട്ട് ചെയ്തതെന്നും ആം ആദ്മി നേതൃത്വം പ്രതികരിച്ചു.

ഡൽഹിയിലെ മൂന്ന് കോർപറേഷനുകളും ലയിപ്പിച്ച് ഒറ്റ കോർപറേഷൻ ആക്കിയ ശേഷം നടന്ന ആദ്യ തെരെഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. കഴിഞ്ഞ തവണ ബി.ജെ.പി 181 വാർഡുകളിലും ആം ആദ്മി പാർട്ടി 48വാർഡുകളും കോൺഗ്രസ് 27 വാർഡുകളുമായിരുന്നു വിജയിച്ചിരുന്നത്. മദ്യനയത്തിലെ അഴിമതി അടക്കം കെജ്‌രിവാൾ മന്ത്രിസഭാ അംഗങ്ങൾക്കെതിരെ ഉയർന്ന ആരോപണം ബി.ജെ.പി പ്രചാരണ ആയുധമാക്കിയ തെരെഞ്ഞെടുപ്പിൽ ജയം നേടാനായത് ആം ആദ്മിക്ക് കരുത്തു പകരുന്നതാണ്.

0Shares