
ചെറുവത്തൂര്‍ / കാസർകോട്: മുതിര്‍ന്ന സി.പി.എം നേതാവും തൃക്കരിപ്പൂര്‍ മുന്‍ എം.എല്‍.എയുമായ പിലിക്കോട് മട്ടലായി മാനവീയത്തിലെ അന്തരിച്ച കെ.കുഞ്ഞിരാമന് നാടിൻ്റെ അന്ത്യാഞ്ജലി. എൺപത്തി രണ്ട് വയസായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തില്‍ നടന്ന നവകേരള സദസ്സില്‍ കാലിക്കടവില്‍ സജീവമായി പങ്കെടുത്തിരുന്നു. രണ്ടുദിവസം മുമ്പാണ് അസുഖത്തെ തുടര്‍ന്ന് കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്‌ച രാത്രി പന്ത്രണ്ടോടെ ആയിരുന്നു അന്ത്യം.
സി.പി.എം ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട്, നീലേശ്വരം ബി.ഡി.സി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പാരമ്പര്യ അസ്ഥിരോഗ വൈദ്യനുമായിരുന്നു. ജില്ലയിലെ മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ ജില്ലാ സെക്രട്ടറിയുമായ എ.കെ നാരായണൻ്റെ വിയോഗത്തിന് തൊട്ടുപിന്നാലെ ഉണ്ടായ കെ.കുഞ്ഞിരാമൻ്റെ നിര്യാണം പാര്‍ട്ടിക്ക് തീരാനഷ്‌ടമാണ്.
കാസര്‍കോട് ജില്ലയില്‍ പാര്‍ട്ടി വളര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ച നേതാവായിരുന്നു കെ.കുഞ്ഞിരാമന്‍. മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാറുമായി അടുത്ത ബന്ധം പുലര്‍ത്തിയ നേതാവായിരുന്നു.

ധീരമായ നിലപാടുകളും സൗമ്യമായ പെരുമാറ്റവും കൊണ്ട് പ്രവര്‍ത്തകരെ ആകര്‍ഷിച്ച കെ.കഞ്ഞിരാമന്‍ സി.പി.എമ്മിൻ്റെ ജില്ലാ സെക്രട്ടറി പദം അലങ്കരിച്ച ഘട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലടക്കം പാര്‍ട്ടിക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിരുന്നു.
1995ല്‍ കാസര്‍കോട് നഗരസഭയും ചെങ്കള പഞ്ചായത്തുമടക്കം വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുസ്ലിംലീഗില്‍ നിന്ന് പിടിച്ചെടുക്കുന്നതില്‍ ജില്ലാ സെക്രട്ടറി എന്ന നിലയില്‍ കെ.കുഞ്ഞിരാമൻ്റെ നേതൃത്വം പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ വലിയ പ്രശംസ നേടിയിരുന്നു.
കാസര്‍കോട് നഗരസഭയില്‍ സി.പി.എമ്മിനേക്കാള്‍ കൂടുതല്‍ സീറ്റ് സഖ്യ കക്ഷിയായ നാഷണല്‍ ലീഗിന് ഉണ്ടായിരുന്നുവെങ്കിലും 1995ല്‍ നഗരസഭാ ചെയര്‍മാന്‍ പദത്തില്‍ സി.പി.എം സ്വതന്ത്രനായ അഡ്വ. എസ്.ജെ പ്രസാദിനെ അവരോധിക്കുന്നതില്‍ കെ.കുഞ്ഞിരാമൻ്റെ തന്ത്രങ്ങളാണ് വിജയം കണ്ടത്.

കടുത്ത നിലപാടുകള്‍ക്കിടയിലും ഇതരകക്ഷി നേതാക്കളുമായി അടുത്ത സൗഹൃദം പുലര്‍ത്താനും എല്ലാവരോടും സ്‌നേഹത്തോടെ ഇടപഴകാനും അദ്ദേഹത്തിന് കഴിഞ്ഞു. ചെറുവത്തൂര്‍ പഞ്ചായത്ത് മുന്‍ വൈസ്. പ്രസിഡണ്ട് സരോജിനി ഭാര്യയാണ്. സിന്ധു, ഷീന, ഷീജ, അനില്‍ (തൃക്കരിപ്പൂര്‍ ഗവ. പോളിടെക്‌നിക്), സുനില്‍ എന്നിവർ മക്കളാണ്. ഗണേശന്‍ (റിട്ട. ജില്ലാ ബാങ്ക്), സന്തോഷ് കുമാര്‍ (റിട്ട. ജില്ലാ ബാങ്ക്), ജിജിന, ഷിജിന, പരേതനായ സുരേശന്‍ (പി.ഡബ്ല്യു.ഡി) മരുമക്കളാണ്.
കെ.കെ കുമാരന്‍ വൈദ്യര്‍ (ചെറുവത്തൂര്‍ പഞ്ചായത്ത് മുന്‍ വൈസ്. പ്രസിഡണ്ട്), ദേവകി, മോഹിനി, പ്രഭാകരന്‍, രാജന്‍ (റിട്ട. പഞ്ചായത്ത് വകുപ്പ്), പരേതനായ ഒ.കെ കുഞ്ഞിരാമന്‍ സഹോദരങ്ങളാണ്. ഭൗതികശരീരം കാലിക്കടവ്, കാരിയില്‍, ചെറുവത്തൂര്‍ എന്നിവിടങ്ങളിലും വീട്ടിലും പൊതുദര്‍ശനത്തിന് വച്ചു. നാടിൻറെ നാനാഭാഗത്തു നിന്നും നിരവധിപേർ അന്ത്യോപചാരം അർപ്പിച്ചു.
