ചെർക്കളത്തെ യുവ പ്രവാസിക്ക് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി; നഷ്‌ടമായത് കുടുംബത്തിൻ്റെ ഏകആശ്രയം, ദുഃഖാർത്ഥരായി രഞ്ജിത്തിൻ്റെ കുടുംബവും നാട്ടുകാരും

  • Post category:local news / news
  • Reading time:1 min read
You are currently viewing ചെർക്കളത്തെ യുവ പ്രവാസിക്ക് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി; നഷ്‌ടമായത് കുടുംബത്തിൻ്റെ ഏകആശ്രയം, ദുഃഖാർത്ഥരായി രഞ്ജിത്തിൻ്റെ കുടുംബവും നാട്ടുകാരും

കാസർകോട്: അഗ്നിവിഴുങ്ങിയ കുവൈത്തിലെ തൊഴിലാളി ക്യാമ്പിൽ മരിച്ച ചെര്‍ക്കള ചെർക്കള കുണ്ടടുക്കത്തെ യുവ പ്രവാസിയായ രഞ്ജിത്ത് (34)ന് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. രഞ്ജിത്തിൻ്റെ ആകസ്‌മികമായ മരണത്തോടെ കുടുംബം കണ്ണീര്‍ക്കയത്തിലായി. നഷ്‌ടമായത് കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്ന ചെറുപ്പക്കാരൻ.

കുവൈത്തില്‍ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്‌തു വരികയായിരുന്ന രഞ്ജിത്ത് കുടുംബത്തിൻ്റെ താങ്ങും തണലുമായിരുന്നു. രഞ്ജിത്തിൻ്റെ മാതാവ് രുക്‌മണിയും സഹോദരി രമ്യയും ദുഖം താങ്ങാനാകാതെ കണ്ണീരൊഴുക്കുകയാണ്. പിതാവ് രവീന്ദ്രനും ദുഖം താങ്ങാനാവാതെ തളര്‍ന്നിരിക്കുന്നു. രവീന്ദ്രന്‍ കൂലിവേല ചെയ്‌താണ് കുടുംബം പുലര്‍ത്തിയിരുന്നത്. രഞ്ജിത്തും സഹോദരന്‍ രജീഷും ഗള്‍ഫില്‍ പോയ ശേഷമാണ് 10 സെണ്ട്സ്ഥലത്ത് സ്വന്തമായി അടച്ചുറപ്പുള്ള വീട് നിര്‍മ്മിക്കാന്‍ കഴിഞ്ഞത്.

എട്ടുവര്‍ഷം മുമ്പ് രവീന്ദ്രന് ഹൃദയ ശസ്ത്രക്രിയ നടത്തിയിരുന്നു. അതിന് ശേഷം പണിക്ക് പോകാന്‍ സാധിച്ചിരുന്നില്ല. രുക്‌മണി ശ്വാസ സംബന്ധമായ അസുഖം മൂലം തീരാ ദുരിതമനുഭവിക്കുന്നു. രണ്ടുപേരുടെ മരുന്നിനും ചികില്‍സക്കുമായി വന്‍ തുക തന്നെ വേണ്ടി വരുന്നുണ്ടെങ്കിലും രഞ്ജിത്ത് അയക്കാറുള്ള പണം കുടുംബത്തിന് വലിയൊരു ആശ്വാസം തന്നെയായിരുന്നു.

വീടിൻ്റെ വായ്‌പ ഉള്‍പ്പെടെയുള്ള കടബാധ്യതയിലാണ് ഈ കുടുംബം. രഞ്ജിത്ത് അയച്ച പണം കൊണ്ടാണ് വായ്‌പ അടച്ചിരുന്നത്. അടുത്ത മാസം നാട്ടിലേക്ക് വരാനിരിക്കെയാണ് രഞ്ജിത്തിൻ്റെ വിയോഗം. വീടിൻ്റെ പാലുകാച്ചല്‍ ചടങ്ങിനാണ് അവസാനമായി നാട്ടിൽ എത്തിയിരുന്നത്. രഞ്ജിത്തിന് വിവാഹ ആലോചനകളും നടന്നു വരികയായിരുന്നു.

0Shares