
കാസര്‍കോട്: സ്‌കൂള്‍ വിട്ട് വീടിന് സമീപം വാഹനത്തില്‍ നിന്ന് ഇറങ്ങിയ നഴ്‌സറി വിദ്യാര്‍ഥിനി അതേ സ്‌കൂള്‍ ബസ് തട്ടി മരിച്ചു. കമ്പാര്‍ ശ്രീബാഗിലു പെരിയഡുക്ക മര്‍ഹബ ഹൗസിലെ മുഹമ്മദ് സുബൈറിൻ്റെ മകള്‍ ആയിഷ സോയ (4) ആണ് ദാരുണമായി മരിച്ചത്.
നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പൂപ്പ നഴ്‌സറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ആയിഷ. പിഞ്ചുകുഞ്ഞിൻ്റെ ദാരുണ മരണത്തിൽ നാടാകെ അതീവ ദുഖത്തിലായി.

വ്യാഴാഴ്‌ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. സ്‌കൂള്‍ വിട്ട് ഉച്ചയോടെ വീടിന് സമീപം ബസില്‍ നിന്ന് ഇറക്കി വിടുകയായിരുന്നു. ബസ് തിരിച്ചു പോകുന്നതിനായി പിറകോട്ട് എടുക്കുമ്പോള്‍ ഇതേ ബസ് തട്ടി കുട്ടി മരിച്ചതായാണ് വിവരം.
സമീപത്തെ വ്യവസായ യൂണിറ്റില്‍ ജോലി ചെയ്യുന്ന സ്ത്രീകളാണ് സംഭവം കണ്ട് പെട്ടെന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
