
കണ്ണൂര് ജില്ലയിലെ പാനൂരിൽ സ്കൂൾ വിദ്യാർത്ഥിക്ക് നടുറോഡിൽ മർദനമേറ്റ സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് ബാലാവകാശ കമ്മീഷന്റെ നടപടി.നടുറോഡിൽ വച്ചാണ് സംഭവം നടന്നതെങ്കിലും ആരും പ്രശ്നത്തിൽ ഇടപെട്ടില്ല. സഹപാഠിയായ പെൺകുട്ടിക്കൊപ്പം നടന്നുപോയതിനാണ് മർദനമെന്ന് വിദ്യാർത്ഥിയുടെ പിതാവ് ആരോപിച്ചു.

യാതൊരു പ്രകോപനവുമില്ലാതെയാണ് തന്നെ മർദിച്ചതെന്ന് വിദ്യാർത്ഥിയും പറഞ്ഞു.പാനൂർ പോലീസിനോട് അന്വേഷണ റിപ്പോർട്ടും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെയായിരുന്നു സംഭവം. എസ്.എസ്.എൽ.സി മോഡൽ പരീക്ഷയ്ക്ക് ശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്ന വിദ്യാർത്ഥിയെ ഡി.വൈ.എഫ്.ഐ നേതാവും ഓട്ടോ ഡ്രൈവറുമായ ജിനീഷ് മർദിക്കുകയായിരുന്നു.
അതേസമയം സംഭവത്തിൽ പാനൂർ പോലീസ് കേസ് എടുത്തു . ചെണ്ടയാട് സ്വദേശിയായ വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തെ തുടർന്ന് ഒളിവിൽപോയ പ്രതിക്കായി പോലീസ് അന്വേഷണം നടത്തിവരുന്നു.
