
കാസർകോട്: അമിത വേഗതയിൽ എത്തിയ കാർ സ്‌കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ റിട്ടയേർഡ് സപ്ലൈകോ ജീവനക്കാരൻ ദാരുണമായി മരിച്ചു. ളളിയത്തടുക്ക, നാഷണൽ നഗർ, സ്നേഹം ഹൗസിലെ രവിദാസൻ (57) ആണ് മരിച്ചത്. ശനിയാഴ്‌ച ഉച്ചയ്ക്ക് 12.30 ഓടെ കറന്തക്കാട്- മധൂർ റൂട്ടിൽ ചൂരിയിലാണ് വാഹനാപകടം ഉണ്ടായത്. ഇടുങ്ങിയ റോഡിലെ വളവിലാണ് സംഭവം. ഉളിയത്തടുക്ക ഭാഗത്ത് നിന്നും വന്ന കാർ രവിദാസ് സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഓടിക്കൂടിയവർ രവിദാസിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ വർഷമാണ് രവിദാസ് ജോലിയിൽ നിന്നും വിരമിച്ചത്. അപകടം ഉണ്ടാക്കിയ കാർ മറ്റൊരു കാറും ഇടിച്ചു തെറിപ്പിച്ചു. ഈ കാറിൽ ഉണ്ടായിരുന്ന സി.പി.സി.ആർ.ഐ ഉദ്യോഗസ്ഥനും ഭാര്യയും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയതായും വിവരമുണ്ട്.

കാസർകോട് ടൗൺ പോലീസ് ഇൻക്വസ്‌റ്റ് നടത്തി. ജനറൽ ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, മധുർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗോപാലകൃഷ്‌ണ.കെ പഞ്ചായത്ത് അംഗങ്ങൾ, കോൺഗ്രസ് ജില്ലാ ഭാരവാഹിയായ ഹക്കീം കുന്നിൽ, അർജുനൻ തായലങ്ങാടി, ടോണി, കെ.ഖാലിദ്, യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹിയായ അഷ്‌റഫ് എടനീർ, ഹാരിസ് ചൂരി, മുത്തലിബ് പാറക്കട്ട തുടങ്ങിയവർ അനുശോചിച്ചു.
ചട്ടഞ്ചാലിലെ കുഞ്ഞിരാമൻ നായരുടെ മകനാണ് രവിദാസ്. മധൂർ ഗ്രാമപഞ്ചായത്ത് ഭഗവതി നഗർ 19-വാർഡ് മെമ്പർ അമ്പിളി ഭാര്യയാണ്. മംഗളുരു കോളേജിൽ പി.ജി വിദ്യാർത്ഥിനി മാലാഖ ഏക മകളാണ്. വേണു, വത്സല, പ്രഹ്‌ളാദൻ, ശ്രീനിവാസൻ, ഗണേഷ്, ശാന്തകുമാരി, ലക്ഷ്‌മി എന്നിവർ സഹോദരങ്ങളാണ്. രവിദാസയുടെ ആകസ്‌മിക വിയോഗത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും പ്രദേശവാസികളും ദുഖത്തിലായി.
Report: Peethambaran Kuttikol
