സാമ്പത്തിക തട്ടിപ്പുകേസിൽ ഒളിവിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ എ.ആർ ക്യാമ്പിൽ ജീവനൊടുക്കിയ നിലയിൽ

  • Post category:Kerala / news / obitury
  • Reading time:1 min read
You are currently viewing സാമ്പത്തിക തട്ടിപ്പുകേസിൽ ഒളിവിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ എ.ആർ ക്യാമ്പിൽ ജീവനൊടുക്കിയ നിലയിൽ

പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പുകേസിൽ ഒളിവിലായിരുന്ന പൊലീസുകാരൻ തൂങ്ങിമരിച്ച നിലയിൽ. പത്തനംതിട്ട കോന്നി സ്റ്റേഷനിലെ സി.പി.ഒയും കൊക്കുംതോട് സ്വദേശിയുമായ ബിനുകുമാറിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. റാന്നി സ്വദേശി നൽകിയ പരാതിയിൽ ബിനു കുമാറിനെതിരെ റാന്നി സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

വഞ്ചനാകേസിൽ ഒളിവിലായിരുന്ന ബിനുകുമാറിനെ പത്തനംതിട്ട എ.ആർ ക്യാമ്പിൽ രാവിലെ പത്ത് മണിയോടെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ക്യാമ്പിലെ ബാരക്കിൽ ജനലിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. മറ്റൊരു പൊലീസുകാരൻ്റെ വസ്ത്രം ഉപയോഗിച്ചാണ് ആത്മഹത്യ ചെയ്തത്.

സ്ത്രീകളോട് സൗഹൃദം സ്ഥാപിച്ച് പണം തട്ടിയെടുത്തുവെന്ന ആരോപണം ബിനുകുമാറിനെതിരെ ഉയർന്നിരുന്നു. റാന്നി സ്റ്റേഷനിൽ ജോലിനോക്കവേ പ്രദേശവാസിയായ യുവതിയിൽ നിന്ന് 13.5 ലക്ഷം രൂപയും കാറും തട്ടിയെടുത്തതായി പരാതി ലഭിച്ചതിനെ തുടർന്ന് ഇയാൾ ഒരുമാസമായി ഒളിവിലായിരുന്നു. കേസിൽ ബിനുകുമാറിനെ ഇതുവരെ അറസ്റ്റ് ചെയ്തിരുന്നില്ല. ഇതിനിടെയാണ് ആരും കാണാതെ ക്യാമ്പിലെത്തി ജീവനൊടുക്കിയത്.

യുവതിയിൽ നിന്ന് കാറിൻ്റെ ആർ.സി ബുക്ക് പണയപ്പെടുത്തി സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് ബിനുകുമാർ 10ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. സമാനമായ നിരവധി പരാതികൾ ഇയാൾക്കെതിരെ ഉയർന്നിരുന്നു. വകുപ്പുതല അന്വേഷണവും ബിനുകുമാറിനെതിരെ നടന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇയാൾ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും ഹൈക്കോടതി തള്ളി. ഇതിനെ തുടർന്നുള്ള നിരാശയാകാം ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് പൊലീസിൻ്റെ നിഗമനം.

0Shares