നാടിനെ നടുക്കിയ കണ്ണൂരിലെ വാഹനാപകടം; ദാരുണമായി മരണപ്പെട്ടത് കാസര്‍കോട് സ്വദേശികൾ, മൃതദേഹങ്ങള്‍ പുറത്തെടുത്തത് കാര്‍ വെട്ടിപ്പൊളിച്ച്

You are currently viewing നാടിനെ നടുക്കിയ കണ്ണൂരിലെ വാഹനാപകടം; ദാരുണമായി മരണപ്പെട്ടത് കാസര്‍കോട് സ്വദേശികൾ, മൃതദേഹങ്ങള്‍ പുറത്തെടുത്തത് കാര്‍ വെട്ടിപ്പൊളിച്ച്

നാടിനെ ഞെട്ടിച്ച് കണ്ണൂര്‍ ചെറുകുന്നിലെ വാഹനാപകടം. കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേരടക്കം അഞ്ച് പേരാണ് തിങ്കളാഴ്‌ച രാത്രി ദാരുണമായി മരിച്ചത്. കണ്ണപുരം പുന്നച്ചേരിയില്‍ രാത്രി 9.50ഓടെയായിരുന്നു അപകടം. കെ.എല്‍ 58 ഡി 6753 സ്വിഫ്റ്റ് കാറില്‍ സഞ്ചരിച്ചിരുന്ന കാസര്‍കോട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.

നീലേശ്വരം, കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തില്‍ കെ.എന്‍ പത്മകുമാര്‍ (59), ഭീമനടി, കമ്മാടത്ത് കൃഷ്‌ണൻ (65), മകള്‍ അജിത (35), ഭര്‍ത്താവ് മണ്ഡപം ചൂരിക്കാട്ട് സുധാകരന്‍ (52), അജിതയുടെ സഹോദരൻ്റെ മകന്‍ ആകാശ് (9) എന്നിവരാണ് മരിച്ചത്. പത്മകുമാര്‍ ആണ് കാറോടിച്ചിരുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കോഴിക്കോട് കൃപാലയം ഗൈഡന്‍സ് ഹോസ്റ്റലില്‍ നിന്ന് പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു പത്മകുമാറും കുടുംബവും. ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിയും കാറും പുന്നച്ചേരി പെട്രോള്‍ പമ്പിന് സമീപം വച്ച് കൂട്ടിയിടിക്കുക ആയിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തകര്‍ന്ന കാറിൻ്റെ ഭാഗങ്ങള്‍ വെട്ടിപ്പൊളിച്ചായിരുന്നു മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

അപകടത്തില്‍പ്പെട്ട നാലുപേര്‍ സംഭവസ്ഥലത്ത് വച്ചും ഒരാള്‍ ആശുപത്രിയിലേക്കുള്ള വഴി മധ്യേയും മരണപ്പെടുകയായിരുന്നു. അപകടത്തിന് ഇടയാക്കിയ രണ്ട് ലോറികളുടെയും ഡ്രൈവര്‍മാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ചുപേരുടെയും മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക്‌ വിട്ടുനൽകും.

0Shares