
മഞ്ചേശ്വരം / കാസർകോട്: ബസില്‍ കടത്തിയ 41.78 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി കര്‍ണാടക സ്വദേശിയെ ഹൊസങ്കടിയില്‍ മഞ്ചേശ്വരം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്‌തു. ഉത്തര കര്‍ണാടക സ്വദേശി പ്രകാശ് വിനയ് ഷേട്ടു (41) ആണ് അറസ്റ്റിലായത്.
മംഗളൂരുവില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ബസില്‍ കുഴല്‍ പണം കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ബുധനാഴ്‌ച രാവിലെ ഏഴ് മണിയോടെ വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ വെച്ച് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ പരിശോധന നടത്തിയപ്പോഴാണ് സീറ്റിനടിയില്‍ ബാഗിലാക്കി സൂക്ഷിച്ച നിലയില്‍ പണം കണ്ടെത്തിയത്.

പ്രകാശ് വിനയ് ഷേട്ടുവിനെ എക്‌സൈസ് സംഘം ചോദ്യം ചെയ്‌തപ്പോള്‍ ബസ് കാസര്‍കോട്ടോ കാഞ്ഞങ്ങാട്ടോ എത്തുമ്പോള്‍ ഫോണ്‍ വിളിക്കുന്നയാള്‍ക്ക് പണം കൈമാറണമെന്നാണ് തനിക്ക് ലഭിച്ച നിര്‍ദ്ദേശമെന്നാണ് പറഞ്ഞത്.
പ്രതിയേയും പണവും ഉച്ചയോടെ മഞ്ചേശ്വരം പൊലീസിന് കൈമാറി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ എം.യൂനസ്, വി.വി പ്രസന്നകുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ സുരേഷ് ബാബു, ജനാര്‍ദ്ദനന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മഞ്ചുനാഥന്‍, മുഹമ്മദ് ഇജാസ്, അഖിലേഷ് എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തി കുഴൽപ്പണം പിടികൂടിയത്. കർണാടകയിൽ നിന്നും വൻതോതിൽ കുഴൽപ്പണം കേരളത്തിലേക്ക് കടത്തുന്നതിനെതിരെ അടുത്തകാലത്തായി അധികൃതർ നടപടികൾ കർശനമാക്കിയിട്ടുണ്ട്.
