രാജ്യ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില; 50 ഡിഗ്രി സെല്‍ഷ്യസും കടന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങൾ, ഡല്‍ഹിയില്‍ മലയാളി പൊലീസുകാരന്‍ കുഴഞ്ഞു വീണ് മരിച്ചു

  • Post category:national / news
  • Reading time:1 min read
You are currently viewing രാജ്യ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില; 50 ഡിഗ്രി സെല്‍ഷ്യസും കടന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങൾ, ഡല്‍ഹിയില്‍ മലയാളി പൊലീസുകാരന്‍ കുഴഞ്ഞു വീണ് മരിച്ചു

ന്യൂഡല്‍ഹി: രാജ്യചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി ഡല്‍ഹി. മുംഗേഷ്പുര്‍ കാലാവസ്ഥാ നിലയത്തിലാണ് ബുധനാഴ്‌ച ഉച്ചതിരിഞ്ഞ് 52.3 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയത്. രാജ്യ തലസ്ഥാനത്തിന് പുറമെ ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും താപനില 50 ഡിഗ്രിക്ക് മുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

രാജസ്ഥാനിലെ ഫലോദിയില്‍ 51 ഡിഗ്രി സെല്‍ഷ്യസാണ് ബുധനാഴ്‌ച രേഖപ്പെടുത്തിയ താപനില. ഹരിയാനയിലെ സിര്‍സയില്‍ 50.3 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി. അതേസമയം അറബിക്കടലില്‍ നിന്നുള്ള തണുത്ത കാറ്റിനെ തുടര്‍ന്ന് തെക്കന്‍ രാജസ്ഥാനിലെ ജില്ലകളായ ബാര്‍മെര്‍, ജോധ്പുര്‍, ഉദയ്‌പൂര്‍, സിരോഹി, ജലോര്‍ എന്നിവിടങ്ങളില്‍ താപനില നാല് ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞു.

വടക്കു -പടിഞ്ഞാറന്‍ ഇന്ത്യയിലെ ഉഷ്‌ണതരംഗം കുറയുന്നതിൻ്റെ സൂചനയാണ് ഇത്. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള ഈര്‍പ്പം നിറഞ്ഞ കാറ്റ് എത്തുന്നതിനാല്‍ വ്യാഴാഴ്‌ച മുതല്‍ ഉത്തര്‍പ്രദേശിലെ ഉയര്‍ന്ന താപനിലയില്‍ ക്രമാനുഗതമായ കുറവുണ്ടാകും.

മലയാളി പൊലീസുകാരന്‍ കുഴഞ്ഞു വീണ് മരിച്ചു

ഡൽഹിയിൽ സൂര്യാഘാതമേറ്റ് മലയാളി പൊലീസുകാരൻ മരിച്ചു. കോഴിക്കോട് വടകര സ്വദേശി കെ.ബിനീഷ് (50) ആണ് മരിച്ചത്. ഡൽഹി പൊലീസിലെ അസിസ്റ്റണ്ട് സബ് ഇൻസ്പെക്ടറായ ബിനീഷ് പ്രത്യേക പരിശീലനത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ​ഗുരുതരാവസ്ഥയിൽ ആയതിനാൽ പശ്ചിംവിഹാറിലെ ബാലാജി ആശുപത്രിയിലേക്ക് മാറ്റി. ബിനീഷിൻ്റെ മൃതദേഹം നാട്ടിലേക്ക് അയച്ചു.

വസീറാബാദ് പൊലീസ് ട്രെയിനിങ് സെൻ്റെറിൽ നടക്കുന്ന പ്രത്യേക പരിശീലനത്തിൽ 1400 പൊലീസുകാരാണ് പങ്കെടുക്കുന്നത്. ഇതിൽ 12 മലയാളികളും ഉണ്ടായിരുന്നു. ഡൽഹിയിൽ കനത്ത ചൂട് തുടരുന്നതിനാൽ റെഡ് അലേ‍ർ‌ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

0Shares