
തെഹ്റാൻ: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഭീഷണിക്ക് പിന്നാലെ കടുത്ത ആക്രമണവുമായി ഇറാൻ. ഇസ്രയേൽ നഗരമായ ടെൽ അവീവിൽ കഴിഞ്ഞ മണിക്കൂറുകളിൽ വലിയ രീതിയിൽ മിസൈൽ ആക്രമണം നടന്നു. വലിയ നാശ നഷ്ടമാണുണ്ടായത്. ഇറാൻ്റെ മിസൈൽ ശേഷി യു.എസ് തകർത്തെന്നും ഇറാന് ഇനി കുറച്ച് മിസൈലുകൾ മാത്രമാണ് അവശേഷിക്കുന്നതെന്നും ട്രംപ് അവകാശവാദമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ലോകത്തെ ഞെട്ടിച്ച മിസൈൽ വര്ഷം തന്നെ ഇസ്രയേലിൽ ഉണ്ടായത്. ഇസ്രായേൽ കണ്ട ഏറ്റവും വലിയ ആക്രമണമാണ് കഴിഞ്ഞ രാത്രി നടന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയെയും ഇസ്രയേലിനെയും തകർക്കുകയാണ് ലക്ഷ്യമെന്നും അതിനായി സൈന്യം തയ്യാറാണെന്നും IRGC അറിയിച്ചു. ഇറാനിയൻ സൈന്യത്തിൻ്റെ ഓപ്പറേഷണൽ കമാൻഡ് ഖതം അൽ-അൻബിയയാണ് ഇറാൻ സ്റ്റേറ്റ് ടിവിയിൽ പ്രതികരണം നടത്തിയത്.
ഇറാനെതിരായ ആക്രമണത്തിൽ യു.എസ് എല്ലാ ലക്ഷ്യങ്ങളും നേടിയെന്നും അടുത്ത രണ്ട്-മൂന്ന് ആഴ്ച്ചകൾ അമേരിക്കയ്ക്ക് വളരെ നിർണ്ണായകമാണെന്നും ഇറാനെ ഇല്ലാതാക്കി ശിലായുഗത്തിലേക്ക് തള്ളിവിട്ട ശേഷം അമേരിക്ക യുദ്ധം അവസാനിപ്പിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലായിരുന്നു ട്രംപിൻ്റെ പ്രതികരണം. ഇതിന് മിനിട്ടുകൾക്ക് ശേഷം ഇറാൻ ആക്രമണം കടുപ്പിച്ചു. ഇറാന് എതിരായി ട്രംപ് നടത്തുന്ന ഓരോ വാക്കിനും ത്തക്കതായ മറുപടി മിസൈൽ വർഷത്തിലൂടെ ഇറാൻ നൽകുന്നുണ്ട്, എന്നതാണ് പുറത്തുവരുന്ന വിവരം.
