
കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രി സഞ്ചരിക്കുന്ന നേത്ര ചികിത്സ വിഭാഗത്തിൻ്റെയും അജാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനത്തിൻ്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ദേശീയ അന്ധത കാഴ്ച വൈകല്യ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 8 വരെ നടക്കുന്ന നാൽപ്പതാമത് ദേശീയ നേത്രദാന പക്ഷാചരണത്തിന് മുന്നോടിയായാണ് നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിൽ പങ്കെടുത്ത് തിമിര രോഗം സ്ഥിരീകരിച്ചവരെ സൗജന്യമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ വച്ച് ഓപ്പറേഷൻ നടത്തും. പ്രമേഹ രോഗികളുടെ ഞരമ്പ് പരിശോധനയും നടന്നു. ക്യാമ്പിൽ വെച്ച് ബി.പി.എൽ കുടുംബാംഗങ്ങൾക്ക് സൗജന്യമായി കണ്ണട നൽകുന്നതിനുള്ള രജിസ്ട്രേഷനും നടന്നു.
നൂറിലേറെ പേർക്യാമ്പിൽ പങ്കെടുത്തു. ജില്ലാ ആശുപത്രിയിലെ ഒഫ്താൽമോളജി ജൂനിയർ കൺസൾട്ടന്റ് ഡോക്ടർ എസ്. അപർണ, ജില്ല ഒഫ്താൽ മി ക് കോഡിനേറ്റർ പി. കവിത, ജീവനക്കാരായ അജീഷ്, നമിത, വർഷ, വൈഷ്ണവി, നഴ്സിംഗ് അസിസ്റ്റന്റ് അപ്പുക്കുട്ടൻ, ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ടേ ശ്വരി ക്ഷേത്രം പ്രസിഡണ്ട് ജനാർദ്ധനൻ കുന്നരുവത്ത്, സെക്രട്ടറി ടി.കെ. ദിനേശൻ, ട്രഷറർ രാജേഷ് മീത്തൽ, ടി.വി. ശ്രീധരൻ, കെ.പി. വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി. കൂടാതെ അജാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ എലിപ്പനി ഡെങ്കിപ്പനി ബോധവൽക്കരണ ക്ലാസും നടന്നു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് കുഞ്ഞി ക്ലാസ്സ് കൈകാര്യം ചെയ്തു. ആശാവർക്കർമാരുടെ നേതൃത്വത്തിൽ പ്രതിരോധ ഗുളിക വിതരണവും നടന്നു.
