
തിരുവനന്തപുരം: കുറ്റകൃത്യം നടന്ന സ്ഥലത്തെ വിരലടയാളം മാച്ച് ചെയ്‌ത് തത്സമയം രാജ്യത്തവിടെയുമുള്ള കുറ്റവാളികളെ തിരിച്ചറിയാൻ ‘നാഫിസ്’ സോഫ്‌റ്റ്‌വെയര്‍. എല്ലാ സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ പൊലീസും സി.ബി.ഐ, എൻ.ഐ.എ, നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ എന്നിവയും നാഫിസ് ഉപയോഗിക്കുന്നു. മുമ്പ് കുറ്റകൃത്യങ്ങള്‍ ചെയ്‌തവരെയും കണ്ടെത്താം. ഒരു വര്‍ഷത്തിനിടെ നാഫിസിൻ്റെ സഹായത്തോടെ കേരളത്തില്‍ തെളിയിച്ചത് നൂറോളം കേസുകള്‍.
നാഷണല്‍ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയാണ് നാഫിസ് (നാഷണല്‍ ഓട്ടോമേറ്റഡ് ഫിംഗര്‍ പ്രിന്റ് ഐഡണ്ടിഫിക്കേഷൻ സിസ്റ്റം) വികസിപ്പിച്ചത്. ന്യൂഡല്‍ഹിയിലെ സെൻട്രല്‍ ഫിംഗര്‍പ്രിന്റ് ബ്യൂറോയുടെ ഭാഗമായ നാഫിസ് കേന്ദ്രീകൃത വിരലടയാള ഡേറ്റാബേസ് ആണ്. രാജ്യത്തെവിടെയുമുള്ള കുറ്റവാളികളുടെ വിരലടയാളങ്ങള്‍ ഡിജിറ്റൈസ് ചെയ്‌ത് സൂക്ഷിക്കുന്നു. കൃത്യം നടന്ന സ്ഥലത്തെ വിരലടയാളങ്ങള്‍ തത്സമയം ഒത്തുനോക്കി പ്രതിയെ കണ്ടെത്താം. 24 മണിക്കൂറും സേവനം ലഭ്യമാണ്.

കേരളത്തില്‍ നിന്ന് 1.8 ലക്ഷവും രാജ്യത്താകെ 20 ലക്ഷവും വിരലടയാളങ്ങള്‍ നാഫിസില്‍ അപ്‌ലോഡ് ചെയ്‌തിട്ടുണ്ട്. മൃതദേഹങ്ങള്‍ തിരിച്ചറിയാനും ഉപയോഗിക്കാം. ഇക്കൊല്ലം ഏപ്രിലില്‍ മധ്യപ്രദേശിലാണ് മരിച്ച ആളെ ആദ്യമായി നാഫിസ് ഉപയോഗിച്ച് തിരിച്ചറിഞ്ഞത്.
കേരളത്തില്‍ കുറ്റവാളികളുടെ വിരലടയാളങ്ങള്‍ സെര്‍വറിലാക്കാൻ 14 ജില്ലകളിലും നാഫിസ് യൂണിറ്റുകളുണ്ട്. കേരളത്തില്‍ മുമ്പുണ്ടായിരുന്ന ഓട്ടോമാറ്റിക് ഫോറൻസിക് ഇൻഫര്‍മേഷൻ സിസ്റ്റം നാഫിസിലേക്ക് മാറി. കഴിഞ്ഞവര്‍ഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് നാഫിസ് ഉദ്ഘാടനം ചെയ്‌തത്.
നാഫിസിലെ ഡേറ്റാ ബേസ്, രാജ്യത്തെ പതിനഞ്ചായിരത്തോളം പൊലീസ് സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ക്രൈം ആൻഡ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ്‌വര്‍ക്ക് സിസ്റ്റത്തിലേക്ക് (സി.സി.ടി.എൻ.എസ്) അപ്‌ലോഡ് ചെയ്യും. അതോടെ രാജ്യത്തെവിടെയും നടക്കുന്ന കുറ്റകൃത്യങ്ങള്‍ കൂടുതല്‍ വേഗത്തില്‍ തെളിയിക്കാനാവും.
ഫിംഗര്‍ പ്രിന്റ് നമ്പര്‍
കുറ്റവാളിക്ക് ആധാര്‍പോലെ പത്തക്ക നാഷണല്‍ ഫിംഗര്‍ പ്രിന്റ് നമ്പര്‍, ആദ്യ രണ്ട് അക്കങ്ങള്‍ സംസ്ഥാനത്തിൻ്റെ കോഡ്, പ്രതിക്കെതിരെയുള്ള എല്ലാ കേസും ഈ നമ്പറില്‍ ലിങ്ക് ചെയ്യും, ജീവിതകാലം മുഴുവൻ ഇത് നിലവിലുണ്ടാവും, ക്രിമിനലുകളുടെ തിരിച്ചറിയല്‍ കാര്‍ഡിന് തുല്യം, രാജ്യത്തെവിടെയുമുള്ള ക്രിമിനലുകളുടെ വിവരങ്ങള്‍ ഒറ്റക്ലിക്കില്‍, കേരളം ഒന്നാമത്.
വിരലടയാളം ഉപയോഗിച്ചു കുറ്റവാളികളെ തിരിച്ചറിഞ്ഞതില്‍ കേരളം ഒന്നാമതാണ്. 2020ല്‍ 675 കേസുകളാണ് ഫിംഗര്‍ പ്രിന്റ് ബ്യൂറോ തെളിയിച്ചത്. അഞ്ചലിലെ ഉത്രയെ പാമ്പിനെക്കൊണ്ട് ഭര്‍ത്താവ് കടിപ്പിച്ചുകൊന്ന കേസും കൊച്ചിയില്‍ വിമാന വാഹിനി കപ്പലായ ഐ.എൻ.എസ് വിക്രാന്തിലെ മോഷണവും ഇങ്ങനെയാണ് തെളിയിച്ചത്.
‘ക്രൈം സീനില്‍ നിന്ന് വിരലടയാളം ശേഖരിച്ച് നാഫിസില്‍ അപ്‌ലോഡ് ചെയ്യാൻ വിദഗ്ദ്ധരുണ്ട്. അന്യസംസ്ഥാന കുറ്റവാളികളെയടക്കം വേഗത്തില്‍ പിടികൂടാനാവും.’ -ഫിംഗര്‍ പ്രിന്റ് ബ്യൂറോ ഡയറക്ടര്‍ നിഗാര്‍ ബാബു പറഞ്ഞു.
