
ആറന്മുള / പത്തനംതിട്ട: മരിച്ച ഗര്‍ഭസ്ഥ ശിശുവിനെ വയറ്റില്‍ നിന്നും നീക്കം ചെയ്യാതെ രണ്ടുമാസം കഴിഞ്ഞ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മല്ലപ്പുഴശ്ശേരി കുഴിക്കാല കുറുന്താര്‍ ജ്യോതി നിവാസില്‍ ജ്യോതിഷ് (31) ആണ് അറസ്റ്റിലായത്. ആറന്മുള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മല്ലപ്പുഴശ്ശേരി കുഴിക്കാല കുറുന്താര്‍ ഹൗസ് സെറ്റ് കോളനിയില്‍ അനിത(29) ആണ് മരിച്ചത്.
ഗര്‍ഭസ്ഥ ശിശുവിനെ വയറ്റില്‍ നിന്നും നീക്കം ചെയ്യാത്തതിന് തുടര്‍ന്നാണ് ദാരുണാന്ത്യം. അനിതയുടെ ഭര്‍ത്താവായ ജ്യോതിഷിനെതിരെ സ്ത്രീധന പീഡന നിരോധനനിയമം, ജുവനൈല്‍ ജസ്റ്റിസ് നിയമം എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സമയത്ത് മതിയായ ചികിത്സ ലഭ്യമാക്കിയില്ലെന്നതാണ് പ്രധാന കുറ്റം.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: മൂന്നുവര്‍ഷം മുമ്പാണ് ജ്യോതിഷ് അനിതയെ വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു. അനിതയുടെ വീട്ടില്‍ തന്നെ താമസിച്ച ജ്യോതിഷ് വിവാഹത്തിന് ശേഷം ജോലിക്കൊന്നും പോയിരുന്നില്ല. അനിതയുടെ സ്വര്‍ണാഭരണങ്ങളും വാഹനവും മറ്റും വിറ്റായിരുന്നു ജീവിതം. ഇതിനിടയില്‍ കുട്ടിയുണ്ടായെങ്കിലും അമ്മയ്ക്കും കുഞ്ഞിനും ചെലവിനും കൊടുത്തിരുന്നില്ല. ആദ്യപ്രസവത്തിന് ശേഷം പെട്ടെന്നുതന്നെ വീണ്ടും ഗര്‍ഭിണിയായതോടെ വിവരം മറച്ചുവെയ്ക്കണമെന്ന് ഇയാള്‍ അനിതയോട് ആവശ്യപ്പെട്ടു. ഗര്‍ഭം ഒഴിവാക്കുന്നതിനും ശ്രമിച്ചു.
ഇതിനിടെ മതിയായ ചികിത്സയും പരിചരണവും കിട്ടാതെ ഗര്‍ഭസ്ഥശിശു മരിച്ചു. ഇത് കണ്ടെത്തിയ ഡോക്ടര്‍ മരിച്ച ശിശുവിനെ പെട്ടെന്ന് നീക്കുന്നതിന് കൂടുതല്‍ സൗകര്യമുള്ള മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍, അവിടേക്ക് ഇയാള്‍ അനിതയെ കൊണ്ടുപോയില്ല. കുഞ്ഞ് രണ്ടുമാസത്തോളം വയറ്റില്‍ കിടന്നു.
അണുബാധ കാരണം അനിത മേയ് 19 മുതല്‍ തിരുവനന്തപുരം എസ്.എ.റ്റി. ആശുപത്രിയില്‍ ചികിത്സയിലായി. ജൂണ്‍ 28-ന് മരിച്ചു. ആശുപത്രിയിൽ എത്തിച്ചശേഷം അവിടെ നിന്ന് മുങ്ങിയ ഭര്‍ത്താവ് ഭാര്യയുടെ ചികില്‍സയ്ക്കായി പലരുടെ പക്കല്‍ നിന്നും പണം വാങ്ങിയിട്ട് സ്വന്തം കാര്യങ്ങള്‍ക്ക് ചെലവിട്ടു.
പത്തനംതിട്ട ഡി.വൈ.എസ്.പി. കെ.നന്ദകുമാറിൻ്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. ആറന്മുള ഇന്‍സ്‌പെക്ടര്‍ സി.കെ മനോജ്, എസ്.ഐമാരായ അനിരുദ്ധന്‍, ഹരീന്ദ്രന്‍, എ.എസ്.ഐ സനില്‍, സീനിയര്‍ സി.പി.ഒ സുജ അല്‍ഫോന്‍സ്, സി.പി.ഒ ഫൈസല്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
