
കുറ്റിക്കോല്‍ / കാസർകോട്: കുടുംബ വഴക്കിനെ തുടര്‍ന്ന് കോൺഗ്രസ് പ്രവർത്തകനായ യുവാവ് വെടിയേറ്റ് മരിച്ചു. കുറ്റസമ്മതം നടത്തിയ സഹോദരനെ ബേഡകം പൊലീസ് അറസ്റ്റ് ചെയ്‌തു. കുറ്റിക്കോല്‍, വളവില്‍ നൂഞ്ഞിങ്ങാനത്തെ കെ.അശോക(46)നാണ് നാടൻ തോക്കിൽ നിന്നും വെടിയേറ്റ് കൊല്ലപ്പെട്ടത്. ഞായറാഴ്‌ച രാത്രി ഏഴര മണിയോടെയാണ് സംഭവം. കസ്റ്റഡിയിലെടുത്ത സഹോദരന്‍ ബാലു എന്ന ബാലകൃഷ്‌ണനെ(48) ആണ് പൊലീസ് ചോദ്യം ചെയ്‌ത് അറസ്റ്റ് ചെയ്‌തത്.
മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ അയല്‍വാസിയായ ബന്ധുവിൻ്റെ നാടൻ തോക്ക് ഉപയോഗിച്ച് ബാലകൃഷ്‌ണൻ സഹോദരനെ വെടിവെച്ചുവെന്നാണ് വീട്ടുകാര്‍ നല്‍കുന്ന വിവരം. ഇവര്‍ ഒരേ വീട്ടിലാണ് താമസം. തുടക്ക് വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ അശോകനെ ഉടന്‍ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഞായറാഴ്‌ച സന്ധ്യക്ക് പതിവ് പോലെ രണ്ടുപേരും വഴക്കുണ്ടായി. ബാലകൃഷ്‌ണനും അശോകനും ഇടക്കിടെ വാക്കേറ്റമുണ്ടാകുന്നത് പതിവാണെന്ന് അയല്‍വാസികള്‍ പറഞ്ഞു. അശോകന് വെടിയേല്‍ക്കുന്ന സമയത്ത് അദ്ദേഹത്തിൻ്റെ ഭാര്യ ബിന്ദുവും സമീപത്തുണ്ടായിരുന്നു.
അയല്‍വാസിയായ ബന്ധുവിൻ്റെ സഹായിയായി പ്രവര്‍ത്തിക്കുകയാണ് ബാലകൃഷ്‌ണൻ. ഇതേ ബന്ധുവിൻ്റെ തോക്കുപയോഗിച്ചാണ് അശോകനെ വെടിവെച്ചത്. ബാലകൃഷ്‌ണൻ തോക്ക് എങ്ങനെ കൈക്കലാക്കി എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്.തോക്കിൻ്റെ ഉടമയും കേസിൽ പ്രതിയാകുമെന്നാണ് വിവരം.
ബേഡകം സർക്കിൾ ഇൻസ്‌പെക്ടർ ചുമതലയുള്ള കൃഷ്‌ണൻ്റെ നേതൃത്വത്തിൽ മൃതദേഹം ഇൻക്വസ്‌റ് നടത്തി വിദഗ്‌ധ പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരേതനായ പി.നാരായണന്‍ നായരുടെയും ദാക്ഷായണിയമ്മയുടെയും മകനാണ് കൊല്ലപ്പെട്ട അശോകനും പ്രതിയായ ബാലകൃഷ്‌ണനനും.
