
ലഖ്‌നൗ: ഏഴുവയസുകാരനെ സഹപാഠികളെ കൊണ്ട് മുഖത്തടിപ്പിക്കുന്ന യു.പി അധ്യാപികയുടെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇത് ജനങ്ങള്‍ക്കിടയില്‍ കടുത്ത രോഷത്തിന് കാരണമാകുകയും ചെയ്‌തു. അതേ സമയം തൻ്റെ പ്രവര്‍ത്തിയില്‍ ലജ്ജിക്കുന്നില്ല എന്ന തരത്തിലുളള മറുപടിയാണ് അധ്യാപികയായ തൃപ്‌തി ത്യാഗി പറഞ്ഞത്. സംഭവത്തിൽ തൃപ്‌തി ത്യാഗിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തൻ്റെ ഗ്രാമത്തില്‍ അധ്യാപികയായി സേവനം ചെയ്‌തിട്ടുണ്ട് എന്നും കുട്ടികളെ നിയന്ത്രിക്കേണ്ടത് തൻ്റെ സേവനത്തിൻ്റെ ഭാഗമാണ് എന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്‌കൂള്‍ അധികൃതരുടെ നിയമങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കുട്ടികളില്‍ വംശീയ വിദ്വേഷം വളര്‍ത്തുന്ന സംഭവത്തിൻ്റെ വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് പൊലീസ് കേസ് എടുത്തത്. കണക്ക് പട്ടിക പഠിച്ചില്ലെന്ന പേരിലാണ് കുട്ടിയെ സഹപാഠികളെ കൊണ്ട് ക്രൂരമായി മുഖത്തടക്കം മര്‍ദ്ദിച്ചത്.
താനൊരു വികലാംഗയാണെന്ന് അധ്യാപിക നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. രാഹുല്‍ ഗാന്ധി ഉള്‍പ്പടെ നിരവധി നേതാക്കളാണ് സംഭവത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയത്. സംഭവത്തിൽ കേരള സർക്കാർ അപലപിച്ചു.
