
വയനാട്: നാടിനെ നടുക്കി തലപ്പുഴ കണ്ണോത്ത് മലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു. മരിച്ചവരെല്ലാം സത്രീകളാണ്. തേയിലത്തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽ പെട്ടത്. 12 പേർ വാഹനത്തിൽ ഉണ്ടായിരുന്നതായാണ് വിവരം. വളവ് തിരിയുന്നതിനിടെ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞുവെന്നാണ് പ്രാഥമിക നിഗമനം.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. മരിച്ചവരെല്ലാം വയനാട് സ്വദേശികളാണ്. റാണി, ശാന്ത, ചിന്നമ്മ, ലീല, ഷാജ, റാബിയ, ശോഭന, മേരി, വസന്ത എന്നിവരാണ് മരണപ്പെട്ടത്. ഡ്രൈവർ മണി, ജയന്തി, ഉമാദേവി, ലത, മോഹനകുമാരി എന്നിവർ ചികിത്സയിലാണ്. കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികളാണ് എല്ലാവരും.

വൈകുന്നേരം മൂന്നരയോടെ ആയിരുന്നു അപകടം. കെ എൽ 11 ബി 5655 നമ്പർ ജിപ്പാണ് അപകടത്തിൽ പെട്ടത്. 30 മീറ്റര്‍ താഴ്‌ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. മക്കിമല എസ്റ്റേറ്റ് തൊഴിലാളികളാണ്. എല്ലാവരും പാവപ്പെട്ട കുടുംബത്തിലെ വീട്ടമ്മമാരായ സ്ത്രീകളാണ്.
അപകട സ്ഥലത്ത് വനം മന്ത്രി എ.കെ ശശീന്ദ്രൻ സന്ദർശിച്ചു. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് വനം മന്ത്രി കോഴിക്കോട്ട് നിന്ന് വയനാട്ടിലേക്ക് പോയത്. പരിക്കേറ്റവർക്കുള്ള ചികിത്സയുൾപ്പെടെ കാര്യങ്ങൾ ഏകോപിപ്പിക്കാനും മറ്റുള്ള നടപടികൾ സ്വീകരിക്കുന്നതിനും മുഖ്യമന്ത്രി നിർദേശം നൽകി. ആരോഗ്യ മന്ത്രിയുമായി എ.കെ ശശീന്ദ്രന്‍ ചർച്ച നടത്തി. അപകടത്തിൽപെട്ട ജീപ്പിന്റെ ഡ്രൈവർ അപകട നില തരണം ചെയ്‌തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മറ്റു യാത്രക്കാരുടെ നില അതീവ ഗുരുതരമാണ്.
