
കൊച്ചി: ബംഗാളി പയ്യൻ മിലൻ ഷേഖ് ഒരു പാഠമാണ്. കൃഷിയുടെ വലിയ പാഠം. കേരളത്തിലെ കര്‍ഷകര്‍ നഷ്‌ടക്കണക്കുകള്‍ പറയുമ്പോള്‍ ഇവിടെ പാട്ടക്കൃഷി നടത്തുന്ന ഈ 28കാരന് ലാഭക്കണക്ക് മാത്രം. വിളവിൽ ഏറെയും വിദേശത്തേക്ക് അയയ്ക്കുന്നു.
പശ്ചിമ ബംഗാള്‍ ഗോകുല്‍ചാക് സ്വദേശിയായ മിലൻ ഷേഖ് പതിനഞ്ചാം വയസില്‍ കൂട്ടുകാരനെ കാണാൻ എത്തിയതാണ്. കൃഷിപ്പണി ചെയ്‌തായിരുന്നു ഉപജീവനം. എറണാകുളം ജില്ലയിലെ വിവിധ ഇടങ്ങളിലായി 50 ഏക്കര്‍ പാട്ടത്തിനെടുത്താണ് ഇപ്പോള്‍ കൃഷി. വാഴ, മരച്ചീനി എന്നിവയാണ് മുഖ്യം. ഇടവിളയായി പച്ചക്കറിയുമുണ്ട്.
വീട്ടുകാരോട് പോലും പറയാതെയാണ് 2010ല്‍ എറണാകുളത്ത് എത്തിയത്. നെടുമ്പാശേരിയില്‍ കൃഷിപ്പണിക്കെത്തിയ ആത്മസുഹൃത്ത് ബാബുവിനെ കാണാനായിരുന്നു വരവ്. ബാബു നൽകിയ പണം കൊണ്ടായിരുന്നു യാത്ര. ജോലി അന്വേഷിച്ചെങ്കിലും, 15കാരന് പണി കൊടുത്താല്‍ ‘പണികിട്ടുമെന്ന്’ പേടിച്ച് ആരും നൽകിയില്ല.

കാത്തിരിപ്പിന് ഒടുവില്‍ ആലുവക്കാരനായ കര്‍ഷകൻ ജോലി നല്‍കി. 150 രൂപ ദിവസക്കൂലി. ഒരുവര്‍ഷം കഴിഞ്ഞ് മറ്റൊരിടത്തേക്ക് മാറി. അപ്പോഴേക്കും കേരളത്തിലെ കൃഷിരീതി മനഃപാഠമായി. നന്നായി മലയാളം സംസാരിക്കും.
സമ്പാദ്യമായ 15,000 രൂപയും ഉമ്മയുടെ സ്വര്‍ണം പണപ്പെടുത്തി സംഘടിപ്പിച്ച പണവും ഉപയോഗിച്ച് 2019ലാണ് പാട്ടത്തിന് സ്ഥലമെടുത്ത് കൃഷിയിറക്കിയത്. വാഴയും കപ്പയും നൂറുമേനി വിളഞ്ഞതോടെ മറ്റൊരു സ്ഥലംകൂടി പാട്ടത്തിനെടുത്തു. നെടുമ്ബമ്പാശേരി, ദേശം, ശ്രീമൂലനഗരം, ചെങ്ങമനാട്, ദേവഗിരി എന്നിവിടങ്ങളിലായി 50 ഏക്കറിലാണ് ഇപ്പോള്‍ കൃഷി.
ഒരു കോടിക്ക് മേലെയാണ് പ്രതിവര്‍ഷ വിറ്റുവരവ്. പകുതിയില്‍ കൂടുതലും കൃഷിക്കായി നീക്കി വയ്ക്കും. മലയാളികളടക്കം 25ലേറെ പേര്‍ പണിക്കുണ്ട്. മാതാപിതാക്കളായ അഷ്റഫ് അലി, ഫാത്തിമ എന്നിവരെയും സഹോദരങ്ങളെയും വര്‍ഷത്തിലൊരിക്കല്‍ കേരളത്തിലേക്ക് കൊണ്ടുവരാറുണ്ട്.
കേരളത്തില്‍ വീട് വയ്ക്കാൻ മോഹം
കെട്ടിട നിര്‍മ്മാണ മേഖലയില്‍ 350 രൂപ കൂലിക്ക് ‘ഓഫര്‍’ വന്നപ്പോഴും കൃഷിയില്‍ പിടിച്ചു നിന്നതാണ് തൻ്റെ വിജയമെന്ന് മിലൻ പറയുന്നു. രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ചുവരെ എല്ലായിടത്തുമെത്തും. കൃഷിയൊരുക്കാനും വളമിടാനും വിളവെടുപ്പിനുമെല്ലാം മുന്നിലുണ്ടാകും. കാര്‍ഷിക വിളകള്‍ കയറ്റുമതി ചെയ്യാൻ സ്വന്തമായി എക്സ്പോര്‍ട്ടിംഗ് കമ്പനിയാണ് അടുത്ത ലക്ഷ്യം. അതിന് ശേഷമേ വിവാഹം കഴിക്കുകയുള്ളു. സ്വന്തമായി വീടുവച്ച് കേരളത്തില്‍ ജീവിക്കാനാണ് മോഹം.
‘കൃഷിയുടെ മഹത്വം എല്ലാവരും തിരിച്ചറിയണം. ആത്മാര്‍ത്ഥതയോടെ ജോലി ചെയ്‌താല്‍ കൃഷിയില്‍നിന്ന് മികച്ച വരുമാനം കണ്ടെത്താം എന്ന് മിലൻ ഷേഖ് പറയുന്നു.
